കഴിഞ്ഞ ദിവസമായിരുന്നു നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബറോസ്’ എന്ന സിനിമയുടെ പൂജാ ചടങ്ങുകൾ നടന്നത്. കൊച്ചിയില്‍ വച്ച് നടന്ന ചടങ്ങിൽ മമ്മൂട്ടി,ദിലീപ്, പൃഥിരാജ് ഉൾപ്പടെ നിരവധി പ്രമുഖ താര നിരകൾ പങ്കെടുത്തിരുന്നു. മോഹന്‍ലാലിന്റെ കുടുംബവും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ചടങ്ങില്‍ മോഹന്‍ലാലിന്റെ ഭാര്യ സുചിത്രയും സംസാരിച്ചു. പൊതുവേദികളിൽ എത്താറുണ്ടെങ്കിലും അധികം സംസാരിക്കാൻ താല്പര്യം കാണിക്കാത്ത ആളാണ് സുചിത്ര. എന്നാൽ ഇന്നലെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ നിര്‍ബന്ധപ്രകാരമാണ് സംസാരിച്ചതെന്ന് സുചിത്ര പറഞ്ഞു. മോഹൻലാലിനെക്കുറിച്ചും ഇരുവരും തമ്മിലുള്ള വിവാഹത്തെക്കുറിച്ചുമെല്ലാം സുചിത്ര വേദിയിൽ പങ്കുവെച്ചു.
സുചിത്രയുടെ വാക്കുകൾ
”കഴിഞ്ഞ കാലങ്ങളിലെല്ലാം ഞാന്‍ ഒരു ലോ പ്രൊഫൈല്‍ ബാക്ക് സീറ്റ് എടുക്കാന്‍ തീരുമാനിച്ച് മാറിനില്‍ക്കുകയായിരുന്നു. അപ്പുവിന്റെ (പ്രണവ് മോഹന്‍ലാലില്‍) ആദ്യ സിനിമയുമായി ബന്ധപ്പെട്ടാണ് ഞാന്‍ ഒടുവില്‍ സംസാരിച്ചത്. ഇന്ന് ചേട്ടന്റെ (മോഹന്‍ലാല്‍) ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളില്‍ ഒന്നാണ്. ഒരു നടന്‍ എന്ന നിലയില്‍ അദ്ദേഹം എല്ലാം നേടി. ഒരു സംവിധായകന്‍ എന്ന നിലയില്‍ പുതിയ ഒരു തുടക്കമാണിത്. ഇന്ന് എന്തെങ്കിലും സംസാരിച്ചേ മതിയാകൂ എന്ന് തോന്നി.
നവോദയുടെ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി അഭിനയിക്കുന്നത്. അതും വില്ലനായി. അന്ന് ഞാന്‍ അദ്ദേഹത്തെ വെറുത്തു. വില്ലനായി അദ്ദേഹം അഭിനയിച്ചപ്പോഴെല്ലാം ഞാന്‍ അദ്ദേഹത്തെ വെറുത്തു. അങ്ങനെ വെറുപ്പ് തോന്നിയതിന് കാരണം, അദ്ദേഹം ചെയ്യുന്ന ജോലിയില്‍ നല്ലതായത് കൊണ്ടുമാത്രമാണ്. നവോദയയുടെ എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രം മുതലാണ് അദ്ദേഹത്തെ ഇഷ്ടപ്പെടാന്‍ തുടങ്ങിയത്. ആ ഇഷ്ടം അവിടെ അവസാനിച്ചില്ല. ഞങ്ങള്‍ വിവാഹിതരായി. ഇന്ന് ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന നടനാണ് അദ്ദേഹം.”
ബോറോസ് സംവിധാനം ചെയ്യാനുള്ള മോഹന്‍ലാലിന്റെ തീരുമാനം നല്ലതാണെന്നും സുചിത്ര പറഞ്ഞു. ഇനി താന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന സംവിധായകനായി മോഹന്‍ലാല്‍ മാറുമെന്നും സുചിത്ര പറഞ്ഞു.
Post Your Comments