BollywoodGeneralKollywoodLatest NewsNEWS

‘ഇന്നലെ ആമിർ ഖാന്, ഇന്ന് എനിക്ക്’ ; കോവിഡ് സ്ഥിരീകരിച്ച വിവരം പങ്കുവച്ച് മാധവൻ

കഴിഞ്ഞ ദിവസം നടൻ ആമിർ ഖാനും കോവിഡ് സ്ഥിരീകരിച്ചിരുന്നു

നടൻ മാധവന് കോവിഡ് സ്ഥിരീകരിച്ചു. മാധവൻ തന്നെയാണ് സോഷ്യൽമീഡിയയിലൂടെ വാർത്ത പങ്കുവെച്ചത്. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച ബോളിവുഡ് നടൻ ആമീർ ഖാനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു മാധവൻ തനിക്കും കോവിഡ് ആയ വിവരം അറിയിച്ചത്.

ത്രീ ഇഡിയറ്റ്സ് എന്ന ചിത്രത്തിൽ ആമിർ ഖാനും മാധവനും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഈ സിനിമയിലെ ചിത്രത്തോടൊപ്പം രസകരമായ കുറിപ്പും പങ്കുവച്ചാണ് മാധവൻ കോവിഡ് ബാധയെ അവതരിപ്പിച്ചിരിക്കുന്നത്.

“ഫർഹാൻ എന്നും റാഞ്ചോയ്ക്കൊപ്പമായിരുന്നു. വൈറസ് ആണെങ്കിൽ ഞങ്ങളുടെ പിറകേയും. പക്ഷേ, ഇത്തവണ വൈറസ് ഞങ്ങളെ ശരിക്കും പിടിച്ചു. പക്ഷേ, ആൾ ഈസ് വെൽ, ഈ കോവിഡ് ഉടനെ കിണറ്റിലാകും. ഇത്തവണ ഞങ്ങളുടെ കൂട്ടുകാരൻ രാജു ഒപ്പം ചേരണമെന്ന് ആഗ്രഹിക്കുന്നില്ല”. ഇങ്ങനെയാണ് രസകരമായി മാധവൻ കുറിച്ചിരിക്കുന്നത്. എല്ലാവരുടേയും കരുതലിനും സ്നേഹത്തിനും നന്ദി പറഞ്ഞ താരം താൻ സുഖം പ്രാപിച്ച് വരുന്നതായും അറിയിച്ചു.

ത്രീ ഇഡിയറ്റ്സിൽ ഫർഹാൻ ഖുറേഷി എന്ന കഥാപാത്രത്തെയാണ് മാധവൻ അവതരിപ്പിച്ചത്. റാഞ്ചോ എന്നായിരുന്നു ആമിറിന്റെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിൽ ബൊമ്മൻ ഇറാനി അവതരിപ്പിച്ച പ്രിൻസിപ്പൽ കഥാപാത്രം അറിയപ്പെട്ടത് വൈറസ് എന്നായിരുന്നു. ഇതുമൂന്നും ചേർത്താണ് മാധവന്റെ പോസ്റ്റ്. ത്രീ ഇഡിയറ്റ്സിൽ ആമിർ ഖാനും മാധവനുമൊപ്പം ശർമൻ ജോഷിയും പ്രധാന വേഷം ചെയ്തിരുന്നു. ശർമൻ അവതരിപ്പിച്ച കഥാപാത്രമാണ് രാജു രസ്തോഗി. ആമിറിനും തനിക്കും കോവിഡ് ബാധിച്ചെങ്കിലും ശർമനെ കോവിഡ് പിടികൂടാതിരിക്കട്ടേയെന്നാണ് മാധവൻ പറഞ്ഞത്.

കഴിഞ്ഞ ദിവസമാണ് കോവിഡ് ബാധിച്ച കാര്യം ആമിർ ഖാന്റെ വക്താവ് അറിയിച്ചത്. നിലവിൽ വീട്ടിൽ നിരീക്ഷണത്തിലാണ് താരം. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി അടുത്ത് സമ്പർക്കം പുലർത്തിയവർ കോവിഡ‍് പരിശോധന നടത്തണമെന്ന് ആമിർ ഖാൻ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments


Back to top button