മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബാറോസ്’. ചിത്രത്തിന്റെ പൂജ കാക്കനാട് നവോദയ സ്റ്റുഡിയോയിൽ വച്ച് നടക്കുകയാണ്. മമ്മൂട്ടി, പ്രിയദർശൻ, സത്യൻ അന്തിക്കാട്, സിബി മലയിൽ, ലാൽ, ദിലീപ്, പൃഥ്വിരാജ്, സിദ്ദീഖ് ഉൾപ്പടെ സിനിമാരംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ എത്തിച്ചേർന്നിട്ടുണ്ട്. ഇപ്പോഴിതാ മോഹൻലാലിന് ആശംസയുമായി നടൻ സുരേഷ് ഗോപിയും രംഗത്തെത്തിയിരിക്കുകയാണ്.
“അദ്ദേഹത്തിന് അഭിനയിക്കാൻ കഴിയും, പാടാൻ കഴിയും, ശരീരം നന്നായി ചലിപ്പിക്കാൻ കഴിയും, ഒപ്പം തന്റെ കഴിവിനെ സമ്പന്നമാക്കുന്നതിന് എന്ത് വേണമെങ്കിലും ചെയ്യാൻ കഴിയും. ഇന്ന്, അദ്ദേഹം ഒരു സംവിധായകനെന്ന നിലയിൽ ഒരു പുതിയ യാത്ര ആരംഭിക്കാൻ ഒരുങ്ങുകയാണ്.
ഈ അതിശയകരമായ തുടക്കത്തിന്, എന്റെ പ്രിയപ്പെട്ട ലാലിന് എല്ലാ വിജയങ്ങളും നേരുന്നു. കൂടാതെ ബറോസിന്റെ മുഴുവൻ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും എന്റെ സ്നേഹം അറിയിക്കുന്നു. പ്രത്യേകിച്ച് ജിജോ പുന്നൂസിനും ആന്റണി പെരുമ്പാവൂരിനും സന്തോഷ് ശിവനും..” മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് സുരേഷ് ഗോപി കുറിച്ചു.
https://www.facebook.com/ActorSureshGopi/posts/2004177286391545
ബറോസിന്റെ ചിത്രീകരണം കഴിഞ്ഞ വർഷം അവസാനം തുടങ്ങാനാണ് ആദ്യ പദ്ധതിയിട്ടതെങ്കിലും കോവിഡ് കാരണം നീണ്ടുപോകുകയായിരുന്നു. ഇതിനിടയിൽ ചിത്രത്തിന്റെ പ്രീ-പ്രൊഡക്‌ഷൻ ജോലികൾ നവോദയ സ്റ്റുഡിയോയിൽ പുരോഗമിക്കുന്നുണ്ടായിരുന്നു. സിനിമയുടെ പ്രീ പ്രൊഡക്‌ഷൻ ടീമിനൊപ്പം പൃഥ്വിരാജും നവോദയിൽ എത്തിച്ചേർന്നിരുന്നു. ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ, പ്രതാപ് പോത്തൻ എന്നിവർ വേഷമിടുന്നുണ്ട്. വിദേശ നടി പാസ് വേഗ ചിത്രത്തിന്റെ ഭാഗമാണ്.
പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാര്‍ത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം. മോഹൻലാൽ തന്നെയാണ് നായകകഥാപാത്രമായ ബറോസിന്റെ വേഷം അവതരിപ്പിക്കുന്നത്.
മൈഡിയര്‍ കുട്ടിച്ചാത്തന്റെ സൃഷ്ടാവ് ജിജോ പുന്നൂസിന്റെ രചനയിലാണ് ബറോസ് വരുന്നത്. ഛായാഗ്രഹണം സന്തോഷ് ശിവൻ, പ്രൊഡക്‌ഷൻ ഡിസൈനർ – സന്തോഷ് രാമൻ, ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം.
Post Your Comments