വിജയശ്രീ എന്ന നായിക നടിയെക്കുറിച്ചുള്ള അപൂർവ്വ അനുഭവം പങ്കുവയ്ക്കുകയാണ് ശ്രീകുമാരൻ തമ്പി. ‘ചന്ദ്രകാന്തം’ എന്ന സിനിമയിൽ വിജയശ്രീയായിരുന്നു നായികയായി അഭിനയിക്കാനിരുന്നതെന്നും എന്നാൽ അത് ജയഭാരതി ചെയ്യേണ്ടി വന്ന സാഹചര്യത്തെക്കുറിച്ചും ഒരു ടി വി ചാനലിന് നൽകിയ അഭിമുഖത്തിൽ തുറന്നു സംസാരിക്കുകയാണ് ശ്രീകുമാരൻ തമ്പി
“ചന്ദ്രകാന്തം എന്ന സിനിമയുടെ കഥ ആദ്യം ഞാൻ മറ്റൊരു നിർമ്മാതാവിന് കൊടുത്തു. ആ സമയം വിജയശ്രീയായിരുന്നു നായിക. പ്രേം നസീർ – വിജയശ്രീ ഇവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങൾ. ആ ഒരു സമയത്ത് എന്തോ പ്രേം നസീറും, വിജയശ്രീയും തമ്മിൽ അകൽച്ചയായി. അങ്ങനെ വരുമ്പോൾ ഞാനും ഒന്ന് ചിന്തിച്ചു. വിജയശ്രീ ഒരു ഗ്ലാമറസ് നടി ആണല്ലോ. ‘ചന്ദ്രകാന്തം’ എന്ന സിനിമയിലെ എന്‍റെ കഥാപാത്രം ഒരു ഗ്ലാമർ കഥാപാത്രമല്ല. ഇത് ജയഭാരതി ചെയ്താൽ കുറേക്കൂടി നന്നാകും എന്ന തോന്നലുണ്ടായി. ശാലീനയായ ക്യാരക്ടറിൽ കൂടുതൽ ഭംഗിയാകുന്നത് ജയഭാരതിയാണ് എന്ന ചിന്തയിൽ അവരെ തന്നെ നായികയായി വച്ചു. പക്ഷേ അത് നടന്നില്ല. ആ വാശിയിൽ എനിക്ക് തന്നെ അത് നിർമ്മിക്കണമെന്ന് തോന്നി. പടം ചെയ്തു കൊണ്ടിരിക്കുമ്പോൾ വിജയശ്രീ സ്റ്റുഡിയോയിൽ വച്ച് എന്നെ കണ്ടു. എന്നെ കണ്ടതും കരഞ്ഞു. ‘തമ്പി സാർ എനിക്ക് എന്ത് ഇഷ്ടമായിരുന്നു ആ വേഷം ചെയ്യാൻ’, എന്ന് പറഞ്ഞു. അപ്പോൾ ഞാൻ മറുപടിയായി പറഞ്ഞു. എന്‍റെ അടുത്ത സിനിമയിൽ വിജയശ്രീയായിരിക്കും നായികയെന്ന്. മാർച്ച് ഒന്നാം തീയതി ‘ചന്ദ്രകാന്തം’ എന്ന സിനിമ റിലീസ് ചെയ്തു. അതേ മാസം ഇരുപത്തി നാലാം തീയതി വിജയശ്രീ മരിക്കുന്നു”. ശ്രീകുമാരൻ തമ്പി പറയുന്നു
Post Your Comments