പ്രഖ്യാപന സമയം മുതൽ മലയാള സിനിമാസ്വാദകരുടെ ഇടയിലെ ചർച്ചയാണ് ബറോസ്. പ്രിയതാരം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് അതിന് കാരണം. ഏറെ കാത്തിരിപ്പുകൾക്ക് ശേഷം ചിത്രത്തിൻ്റെ പൂജ നടന്നിരിക്കുകയാണ് ഇന്ന്. പൂജയും ചിത്രീകരണവും കാക്കനാട് നവോദയ സ്റ്റുഡിയോയിൽ വെച്ചായിരുന്നു നടന്നത്
ഇപ്പോഴിതാ പൂജാ ചടങ്ങുകളുടെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മോഹൻലാൽ. സിനിമാ മേഖലയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേർ ചടങ്ങിൽ സന്നിഹിതരായിരുന്നു. മമ്മൂട്ടി, പ്രിയദർശൻ, സത്യൻ അന്തിക്കാട്, സിബി മലയിൽ, ലാൽ, ദിലീപ്, പൃഥ്വിരാജ്, സിദ്ദീഖ് ഉൾപ്പടെ സിനിമാരംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ എത്തിച്ചേർന്നിരുന്നു.
എല്ലാ അതിഥികളേയും മോഹൻലാൽ നേരിട്ടെത്തിയാണ് സ്വീകരിച്ചത്. മോഹൻലാലിൻറെ ഫേസ്ബുക്ക് പേജിലൂടെ ലൈവായി ചടങ്ങുകൾ കാണാൻ കഴിയുമായിരുന്നു.
നിമിഷ നേരംകൊണ്ടാണ് ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.
പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാര്‍ത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം. മോഹൻലാൽ തന്നെയാണ് നായകകഥാപാത്രമായ ബറോസിന്റെ വേഷം അവതരിപ്പിക്കുന്നത്.
മൈഡിയര്‍ കുട്ടിച്ചാത്തന്റെ സൃഷ്ടാവ് ജിജോ പുന്നൂസിന്റെ രചനയിലാണ് ബറോസ് വരുന്നത്. ഛായാഗ്രഹണം സന്തോഷ് ശിവൻ, പ്രൊഡക്ഷൻ ഡിസൈനർ – സന്തോഷ് രാമൻ, ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം.
Post Your Comments