CinemaGeneralLatest NewsMollywoodNEWS

രാജ്യാന്തര ശ്രദ്ധ നേടുന്ന സിനിമയാകും ബറോസ്, എന്റെ സർവ്വ പിന്തുണയും ഉണ്ടാകും ; മോഹൻലാലിന് ആശംസയുമായി മമ്മൂട്ടി

രാജ്യാന്തര ശ്രദ്ധ നേടാന്‍ പോകുന്ന സിനിമയാണ് ബറോസെന്ന് മമ്മൂട്ടി

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബാറോസ്’. ചിത്രത്തിന്റെ പൂജ കാക്കനാട് നവോദയ സ്റ്റുഡിയോയിൽ വച്ച് നടക്കുകയാണ്. മമ്മൂട്ടി, പ്രിയദർശൻ, സത്യൻ അന്തിക്കാട്, സിബി മലയിൽ, ലാൽ, ദിലീപ്, പൃഥ്വിരാജ്, സിദ്ദീഖ് ഉൾപ്പടെ സിനിമാരംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ എത്തിച്ചേർന്നിരുന്നു. ചടങ്ങിൽ സിനിമയെക്കുറിച്ചും മോഹൻലാലിനെക്കുറിച്ചും മമ്മൂട്ടി സംസാരിക്കുകയുമുണ്ടായി. രാജ്യാന്തര ശ്രദ്ധ നേടാന്‍ പോകുന്ന സിനിമയാണ് ബറോസെന്നാണ് മമ്മൂട്ടി പറഞ്ഞത്.

എന്റെ സുഹൃത്തും സഹോദരനും എന്നുള്ളതിന് അപ്പുറത്തേക്ക് ഞങ്ങളെ വൈകാരികമായി അടിപ്പിച്ചിട്ടുള്ള ഒരുപാട് ഘടകങ്ങള്‍ ഉണ്ട്. ഈ നിമിഷത്തില്‍ താന്‍ അദ്ദേഹത്തിന് സര്‍വ്വ പിന്തുണയും അറിയിക്കുന്നുവെന്നും മമ്മൂട്ടി പറഞ്ഞു.

മമ്മൂട്ടിയുടെ വാക്കുകള്‍

നമ്മള്‍ എല്ലാവരും ഒരു വലിയ സംരഭത്തിന് സാക്ഷ്യം വഹിക്കുകയാണ്. മലയാള സിനിമയില്‍ ഒരുപാട് നടന്‍മാര്‍ സംവിധായകര്‍ ആയിട്ടുണ്ട്. പക്ഷേ മറ്റ് ഭാഷകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ നമ്മളുടെ എണ്ണം കുറവാണ്. ഏറ്റവും അവസാനം വന്നത് പൃഥ്വിരാജാണ്. ഇപ്പോ അരയും തലയും മുറുക്കി മോഹന്‍ലാലും ഇറങ്ങിയിരിക്കുകയാണ് സംവിധാനത്തിന്. എന്തായാലും അദ്ദേഹത്തിന്റെ ഇത്രയും കാലത്തെ സിനിമ അനുഭവം ഈ സിനിമയ്ക്ക് വലിയൊരു മുതല്‍ക്കൂട്ടായിരിക്കും എന്ന് തന്നെയാണ് നമ്മള്‍ കരുതുന്നത്. 40 വര്‍ഷത്തിലേറെയായി ഞങ്ങള്‍ ഒരുമിച്ച് യാത്ര ചെയ്യുന്നു. സിനിമയുടെ വളര്‍ച്ചയും തതകര്‍ച്ചയും കണ്ടും കേട്ടുമെല്ലാമാണ് ഞങ്ങൾ ഈ 40 വര്‍ഷം സഞ്ചരിച്ചത്.

ഞങ്ങള്‍ ഒപ്പം അല്ലെങ്കില്‍ ഞങ്ങള്‍ സിനിമയോടൊപ്പമാണ് വളര്‍ന്നത്. മലയാള സിനിമ വളര്‍ന്ന് രാജ്യാന്തരങ്ങളും ലോകാന്തരങ്ങളുമൊക്കെ കടന്ന് ഇപ്പോള്‍ ബറോസില്‍ എത്തി നില്‍ക്കുകയാണ്. ഈ നിമിഷം ഒരു പക്ഷെ മലയാളികള്‍ക്ക് എന്നും അഭിമാനിക്കാനും ആഹ്‌ളാദിക്കാനും സാധിക്കുന്ന സുന്ദര നിമിഷമാണ്.

ഇത് നമ്മുടെ എല്ലാം പ്രിയങ്കരനായ മോഹന്‍ലാല്‍ സംവിധായകനായി എന്നതിന് അപ്പുറത്തേക്ക്, അദ്ദേഹം സംവിധാനം ചെയ്യാന്‍ പോകുന്നത് ഒരു രാജ്യാന്തര ശ്രദ്ധ നേടാന്‍ പോകുന്ന സിനിമയാണ്. ഇത് മലയാളി പ്രേക്ഷകര്‍ക്ക് മാത്രം ഉദ്ദേശിച്ചിട്ടുള്ള സിനിമയാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എല്ലാവരിലേക്കും ഒരു പോലെ എത്തിച്ചേരുന്ന ഒരു കലാസൃഷ്ടിയായി ബറോസ് മാറും എന്ന് തന്നെയാണ് നമ്മള്‍ എല്ലാവരും പ്രതീക്ഷിക്കുന്നത്. അങ്ങനെയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ സിനിമയുടെ തുടക്കത്തിന് ഭാഗമാകാന്‍ ഇവിടെ എത്തിച്ചേരാന്‍ സാധ്യമായത് തന്നെ ഭാഗ്യമായി ഞാന്‍ കാണുന്നു.

എന്റെ സുഹൃത്തും സഹോദരനും എന്നുള്ളതിന് അപ്പുറത്തേക്ക് ഞങ്ങളെ വൈകാരികമായി അടിപ്പിച്ചിട്ടുള്ള ഒരുപാട് ഘടകങ്ങള്‍ ഉണ്ട്. ഈ നിമിഷത്തില്‍ ഞാന്‍ അദ്ദേഹത്തിന് എന്റെ സര്‍വ്വ പിന്തുണയും, ആശംസയും നേരുന്നുവെന്ന് മമ്മൂട്ടി പറഞ്ഞു.

ബറോസിന്റെ ചിത്രീകരണം കഴിഞ്ഞ വർഷം അവസാനം തുടങ്ങാനാണ് ആദ്യ പദ്ധതിയിട്ടതെങ്കിലും കോവിഡ് കാരണം നീണ്ടുപോകുകയായിരുന്നു. ഇതിനിടയിൽ ചിത്രത്തിന്റെ പ്രീ-പ്രൊഡക്‌ഷൻ ജോലികൾ നവോദയ സ്റ്റുഡിയോയിൽ പുരോഗമിക്കുന്നുണ്ടായിരുന്നു. സിനിമയുടെ പ്രീ പ്രൊഡക്‌ഷൻ ടീമിനൊപ്പം പൃഥ്വിരാജും നവോദയിൽ എത്തിച്ചേർന്നിരുന്നു. ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ, പ്രതാപ് പോത്തൻ എന്നിവർ വേഷമിടുന്നുണ്ട്. വിദേശ നടി പാസ് വേഗ ചിത്രത്തിന്റെ ഭാഗമാണ്.

പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാര്‍ത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം. മോഹൻലാൽ തന്നെയാണ് നായകകഥാപാത്രമായ ബറോസിന്റെ വേഷം അവതരിപ്പിക്കുന്നത്.

മൈഡിയര്‍ കുട്ടിച്ചാത്തന്റെ സൃഷ്ടാവ് ജിജോ പുന്നൂസിന്റെ രചനയിലാണ് ബറോസ് വരുന്നത്. ഛായാഗ്രഹണം സന്തോഷ് ശിവൻ, പ്രൊഡക്‌‌ഷൻ ഡിസൈനർ – സന്തോഷ് രാമൻ, ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം.

shortlink

Related Articles

Post Your Comments


Back to top button