ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാക്കള്‍ക്ക് അഭിനന്ദനവുമായി നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസൻ. വ്യത്യസ്തമായ കുറിപ്പിലൂടെയായിരുന്നു വിനീത് ശ്രീനിവാസന്റെ അഭിനന്ദനം.
മികച്ച എഡിറ്റിങ്ങിനും തെലുങ്കു ചിത്രത്തിനും അവാര്‍ഡ് ലഭിച്ച ‘ജേഴ്സി’ എന്ന സിനിമയുടെ അണിയറപ്രവർത്തകരെ പ്രശംസിക്കുകയായിരുന്നു വിനീത്.
വിനീതിന്റെ വാക്കുകൾ
‘’ദേശീയ പുരസ്കാര പ്രഖ്യാപനം കാണുകയായിരുന്നു. തെലുങ്കു ചിത്രമായ ജേഴ്സിക്ക് മികച്ച എഡിറ്റര്‍ക്കും മികച്ച തെലുങ്കു ചിത്രത്തിനുമുള്ള പുരസ്കാരങ്ങൾ ലഭിച്ചതിൽ ഏറെ സന്തോഷം തോന്നി. ജേഴ്സി കാണുന്നതു വരെ നാഗേഷ് കുക്കുനൂറിന്റെ ‘ഇക്ബാല്‍’ ആയിരുന്നു എനിക്കേറ്റവും ഇഷ്ടപ്പെട്ട ഇന്ത്യന്‍ സ്പോര്‍ട്സ് ചിത്രം. അതിമനോഹരമായി എഡിറ്റ് ചെയ്ത് ഒരു കവിത പോലെ ഒഴുകുന്ന ചിത്രമാണ് ജേഴ്സി.
എഡിറ്റര്‍മാരോട് എനിക്ക് വലിയ ബഹുമാനമുണ്ട്. എഡിറ്റിങ് ടേബിളില്‍ വെച്ച് നിരവധി സിനിമകള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. പല സിനിമകളെയും രക്ഷിച്ചെടുക്കുന്നതും ഈ എഡിറ്റിങ് ടേബിളുകളിലാണ്. ശരാശരി സിനിമ ചെയ്താലും സംവിധായകന് അഭിനന്ദനങ്ങള്‍ ലഭിക്കുന്നുണ്ടെങ്കില്‍ അതിന് കാരണം എഡിറ്ററുടെ കാഴ്ചപ്പാടുകളാണ്. സിനിമയില്‍ നിരന്തരം സംഭവിക്കുന്ന കാര്യമാണത്. നമ്മുടെ എഡിറ്റര്‍മാരെ ആഘോഷിക്കേണ്ട സമയമാണിത്. നിങ്ങള്‍ നമ്മുടെ സിനിമക്ക് വേണ്ടി ചെയ്ത എല്ലാത്തിനും നന്ദി പറയുന്നു, എന്ന് ഒരു സിനിമാഭ്രാന്തന്റെ വാക്കുകൾ” വിനീത് ശ്രീനിവാസൻ കുറിച്ചു.
നാനിയെ നായകനാക്കി ഗൗതം തിന്നനൂരി ഒരുക്കിയ ചിത്രമാണ് ജേഴ്സി. നടക്കാതെ പോയ സ്വപ്നം മകനിലൂടെ പൂർത്തീകരിക്കുന്ന കായികതാരത്തിന്റെ കഥയായിരുന്നു ജേഴ്സി.
Post Your Comments