ഇത്തവണത്തെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത് നടൻ ധനുഷിനും നടൻ മനോജ് ബാജ്പേയ്ക്കുമാണ്. ധനുഷിന് അസുരൻ എന്ന ചിത്രത്തിലെ അഭിനയത്തിനും മനോജ് ബാജ്പേയ്ക്ക് ഭോൺസ്ലേ എന്ന ചിത്രത്തിലെ അഭിനയത്തിനുമാണ് പുരസ്‌കാരം ലഭിച്ചത്. ഇത് രണ്ടാം തവണയാണ് ധനുഷിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിക്കുന്നത്. 2011ല്‍ ആടുകളം എന്ന ചിത്രത്തിലെ ശിവസാമി എന്ന കഥാപാത്രത്തിനും അവാർഡ് കിട്ടിയിരുന്നു.
2021 ലും ധനുഷ് ഇന്ത്യയിലെ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ രണ്ട് ചിത്രവുമൊരുക്കിയത് ഒരു സംവിധായകൻ തന്നെയാണ് എന്നതാണ് മറ്റൊരു പ്രത്യേകത. ഇപ്പോഴിതാ തന്റെ അംഗീകാരങ്ങൾക്ക് കാരണമായ സംവിധായകൻ വെട്രിമാരന് നന്ദിയും സ്നേഹവുമറിയിച്ച് ധനുഷ് എഴുതിയ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.
ദേശീയ പുരസ്‌കാരത്തിന്റെ ആഹ്ലാദമറിയിച്ചുള്ള കുറിപ്പില്‍ വെട്രിമാരനെ ആദ്യമായി കണ്ടതും ധനുഷ് കുറിക്കുന്നു. ശിവസാമിയെ എല്‍പ്പിച്ചതിന് നന്ദിയെന്നും ധനുഷ്. തനിക്ക് വേണ്ടി അടുത്തതായി എഴുതുന്ന ചിത്രത്തിനായി കാത്തിരിക്കാന്‍ വയ്യെന്നും ധനുഷ് കുറിപ്പിലൂടെ പറയുന്നു.
ധനുഷ് പങ്കുവെച്ച കുറിപ്പ്
വെട്രി, ബാലുമഹേന്ദ്ര സാറിന്റെ ഓഫീസില്‍ നിന്നെ കണ്ടപ്പോള്‍ ഒരിക്കലും കരുതിയിരുന്നില്ല, നിങ്ങളെന്റെ ചങ്ങാതിയായി മാറുമെന്ന്, സഹോദരനായി മാറുമെന്ന്. നമ്മള്‍ ഒരുമിച്ച് ചെയ്ത നാല് സിനിമകള്‍ എനിക്ക് അഭിമാനമാണ്. എനിക്ക് മേല്‍ അത്രയേറെ വിശ്വാസമര്‍പ്പിക്കുന്നതിന് നന്ദി. എനിക്ക് വേണ്ടി അടുത്തതായി എഴുതുന്ന സിനിമക്കായും കാത്തിരിക്കുന്നു.ഒരു ദേശീയ അവാര്‍ഡ് സ്വപ്‌നമായിരുന്നുവെന്നും രണ്ടെണ്ണം ലഭിക്കുമ്പോള്‍ അത് അനുഗ്രഹമാണ്. ഇവിടെയെത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. അച്ഛനും അമ്മക്കും നന്ദി ഒപ്പം എന്റെ ഗുരുവായ സഹോദരന്‍ ശെല്‍വരാഘവനും. അസുരനില്‍ പച്ചയമ്മാള്‍ എന്ന ഭാര്യാ കഥാപാത്രത്തെ അവതരിപ്പിച്ച മഞ്ജു വാര്യര്‍ക്കും ധനുഷ് നന്ദി പറയുന്നുണ്ട്.
Post Your Comments