താന്‍ സിനിമയില്‍ വന്നതിന്റെ തുടക്കകാലത്ത് സായ്കുമാര് എന്ന നടനായി തന്നെ പ്രേക്ഷകര്‍ തെറ്റിദ്ധരിച്ചിരുന്നുവെന്നു വേറിട്ട ഒരു അനുഭവം വിവരിച്ചു കൊണ്ട് നടന് സിദ്ധിഖ് ഒരു ടോക് ഷോയില്‍ തുറന്നു സംസാരിക്കുകയാണ്.
സിദ്ധിഖിന്റെ വാക്കുകള്‍
“തുടക്കകാലത്ത് എന്നെ സായ്കുമാറായി കണ്ടിരുന്നവരുണ്ട്. പ്രേക്ഷകരുടെ തെറ്റിദ്ധാരണയായിരുന്നു അത്. സായ്കുമാര് അന്ന് ‘റാംജിറാവ്’ ഒക്കെ കഴിഞ്ഞു സൂപ്പര്‍ ഹിറ്റായി നില്ക്കുന്ന സമയമായിരുന്നു. അന്ന് എനിക്കും ചില നല്ല സിനിമകള്‍ വന്നു. അപ്പോള്‍ പ്രേക്ഷകര്‍ക്ക് തെറ്റിയതാകാം. പക്ഷേ പലപ്പോഴും ‘ദേ നടന് സായ്കുമാര് പോകുന്നു’ എന്ന രീതിയില്‍ ഞാന്‍ കമന്റ് കേട്ടിട്ടുണ്ട്. ഇത് ഒരു ദിവസം ഞാന്‍ മണിയന് പിള്ള രാജുവിനോട് പറഞ്ഞു. ‘പാവം പാവം രാജകുമാരന്’ എന്ന സിനിമ ചെയ്യുന്ന സമയത്ത് ഒരു യാത്രക്കിടെ എന്നെ സായ്കുമാര് എന്ന നടനായി പ്രേക്ഷകര്‍ തെറ്റിദ്ധരിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ രാജു പറഞ്ഞത് അതൊക്കെ നിന്റെ തോന്നലാണ് അങ്ങനെയൊന്നുമില്ലെന്നാണ്. ‘സിദ്ധിഖിനെയും, സായ്കുമാറിനെയും കണ്ടാല്‍ പ്രേക്ഷകര്‍ക്ക് അറിഞ്ഞൂടെ’ എന്ന് പറഞ്ഞു തര്‍ക്കിച്ച അദ്ദേഹത്തോട് എനിക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല. പക്ഷേ ഞങ്ങള്‍ കാറിനു പെട്രോള്‍ അടിക്കാനായി ഒരു പമ്പില്‍ കയറിയപ്പോള്‍ അവിടെ നിന്ന രണ്ടു മൂന്നു പേര് പറയുന്നുണ്ടായിരുന്നു ‘ദേ കാറില്‍ മണിയന് പിള്ള രാജുവും, സായ്കുമാറും ഇരിക്കുന്നുവെന്നു’ അതോടെ രാജുവിനും അത് ബോധ്യമായി”. സിദ്ധിഖ് പറയുന്നു.
Post Your Comments