മികച്ച മേക്കപ്പ്മാനുള്ള ദേശീയ പുരസ്കാരം ലഭിച്ച സന്തോഷത്തിലാണ് മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജിത്തും കുടുംബവും. മാത്തുക്കുട്ടി സംവിധാനം ചെയ്ത ‘ഹെലൻ’ എന്ന സിനിമയ്ക്കാണ് രഞ്ജിത്ത് അമ്പാടിക്ക് മികച്ച മേക്കപ്പ്മാനുള്ള പുരസ്‌കാരം ലഭിച്ചത്. അവാർഡ് ലഭിച്ച വിവരം അഭിനന്ദിക്കാൻ വിളിച്ച ഫോൺ കോളുകളിലൂടെയാണ് അറിയുന്നതെന്ന് മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിൽ രഞ്ജിത്ത് പറഞ്ഞു.
കണക്കൻകടവ് പട്ടത്തെ അമ്പാടി വീട്ടിൽ ഒമ്പതാം ക്ലാസുകാരനായ ഏക മകൻ യുവയുടെ പതിനാലാം പിറന്നാൾ ആഘോഷിക്കുന്നതിനിടയിലാണ് രഞ്ജിത്തിനെ തേടി ദേശീയ പുരസ്കാരമെത്തിയത്. ഇതോടെ മകന്റെ പിറന്നാൾ മധുരത്തിനൊപ്പം ഇരട്ടി മധുരം കൂടിയായി ഈ കുടുംബത്തിന്.
മികച്ച മേക്കപ്പ്മാനുള്ള ദേശീയ പുരസ്കാരം ലഭിച്ച വാർത്ത ഒരുപാട് കഴിഞ്ഞാണ് രഞ്ജിത്തും കുടുംബവും അറിഞ്ഞത്. പിറന്നാൾ ആഘോഷത്തിന് ശേഷം ഉച്ചമയക്കത്തിലായിരുന്നു രഞ്ജിത്ത്. പെട്ടെന്നായിരുന്നു രഞ്ജിത്തിന്റെയും ഭാര്യ ലക്ഷ്മിയുടെയും മൊബൈലിൽ നിർത്താതെ കോളുകൾ വന്നത്. പിന്നീടാണ് അവാർഡ് വിവരം മനസ്സിലാക്കുന്നത്. ഉടനെ ടി.വി. ഓൺ ചെയ്തു നോക്കുകയായിരുന്നു രഞ്ജിത്തും കുടുംബവും.
സിനിമ വസ്ത്രാലങ്കാര രംഗത്ത് പ്രവർത്തിച്ചിരുന്ന ആർ. വേണുഗോപാലിന്റെയും ഷൈലജയുടെയും മകനാണ് രഞ്ജിത്ത് അമ്പാടി. സിനിമയിൽ 25 വർഷമായി മേക്കപ്പ് ആർട്ടിസ്റ്റാണ് രഞ്ജിത്ത് . ഇതുവരെ 110 സിനിമയുടെ ഭാഗമായി. 2004, 08, 09, 17, 19 വർഷങ്ങളിലും മികച്ച മേക്കപ്പിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു. ഹെലനു തന്നെയാണ് കഴിഞ്ഞ സംസ്ഥാന അവാർഡ് ലഭിച്ചത്.
Post Your Comments