വിനോദ സിനിമകളായാലും, സമാന്തര സിനിമകളായാലും പ്രേക്ഷക മനസ്സില്‍ കൊളുത്തും വിധം എടുത്തു ഫലിപ്പിച്ച സംവിധായകനാണ് ജയരാജ്. തുടക്കകാലത്ത് ‘വിദ്യാരംഭം’, ‘ജോണി വാക്കര്‍’ പോലെയുള്ള സിനിമകള്‍ ചെയ്തിരുന്ന ജയരാജ് ‘പൈതൃകം’, ‘ദേശാടനം’ പോലെയുള്ള സമാന്തര സിനിമകളിലും സംവിധായകനെന്ന നിലയില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്. തന്റെ എക്കാലത്തെയും മികച്ച സിനിമകളില്‍ ഒന്നായ ‘ഭയാനകം’ എന്ന സിനിമയിലേക്ക് രണ്‍ജി പണിക്കര്‍ എന്ന നടനെ ക്ഷണിക്കാനുണ്ടായ കാരണത്തെക്കുറിച്ചും ചിത്രത്തിന്റെ കഥ കേട്ട് രണ്‍ജി പണിക്കര്‍ ആവശ്യപ്പെട്ട പ്രതിഫലത്തെക്കുറിച്ചും ഒരു അഭിമുഖ പരിപാടിയില്‍ പങ്കുവയ്ക്കുകയാണ് ജയരാജ്.
“ഭയാനകം എന്ന സിനിമയ്ക്ക് വേണ്ടി രണ്‍ജി പണിക്കരുടെ അടുത്ത് പോകുന്നത് രണ്‍ജി പണിക്കര്‍ മഹാനടനായത് കൊണ്ടൊന്നുമായിരുന്നില്ല. ഏറ്റവും അടുത്ത സുഹൃത്തായത് കൊണ്ടുമല്ല പോയത്. രണ്‍ജിയോട് ഞാന്‍ പറഞ്ഞത് രണ്‍ജിയുടെ അപ്പിയറന്‍സ് വച്ച് എനിക്ക് ഇതിലെ പോസ്റ്റ്മാന്‍ ആക്കി രണ്‍ജിയെ മാറ്റാന്‍ കഴിയും എന്ന വിശ്വാസമുള്ളത് കൊണ്ടാണ്. രണ്‍ജി തിരക്കഥ വായിച്ച ശേഷം ‘നിനക്ക് വിശ്വാസമുണ്ടോ’ എന്ന് മാത്രമേ ചോദിച്ചുള്ളൂ. ഒരു രൂപ കോയിന്‍ എനിക്ക് പ്രതിഫലം നല്‍കിയാല്‍ മതി എന്നും പറഞ്ഞു. രണ്‍ജിയുടെ മനസ്സില്‍ ആ കഥ സ്പര്‍ശിച്ചത് കൊണ്ടാണ് അത് ചെയ്യാന്‍ അവന്‍ തീരുമാനിച്ചത്. കുട്ടനാട് രണ്‍ജിയുടെ സ്വന്തം സ്ഥലമാണ്. കുട്ടനാടിന്റെ എല്ലാ സ്പര്‍ശവും അറിയാവുന്ന ആളാണ്. പക്ഷേ രണ്‍ജി പോലും അറിയാത്ത ഒരു ഏടാണ് അതില്‍ തകഴി ചേട്ടന്‍ പറഞ്ഞിരിക്കുന്നത്”.
Post Your Comments