CinemaFestivalFilm ArticlesGeneralInternationalLatest NewsNEWS

പൊന്നാനി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കം

വെളിയംകോട് എം.ടി.എം കോളേജിന്റെയും പൊന്നാനി ഫിലിം സൊസൈറ്റിയുടെയും സഹകരണത്തോടെ പൊന്നാനി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കം. 20 മുതൽ 26 വരെയാണ് ചലച്ചിത്രമേള. മൈക്രോടെക് സ്കിൽസ്, ഫ്രണ്ട്ലൈൻ ഗ്രൂപ് എന്നിവർ ഫെസ്റ്റിവൽ പാർട്ട്ണർമാരായുണ്ട്. പത്തോളം രാജ്യങ്ങളിൽ നിന്നായി ഇരുപത് ഭാഷകളിൽ അമ്പതോളം സിനിമകളും അനുബന്ധ സെമിനാറുകളും ശില്പശാലകളും ഓപ്പൺഫോറവും കലാ-സാംസ്‌കാരിക പരിപാടികളും മേളയിൽ ഉൾപ്പെടും. പൊന്നാനി നിള സംഗ്രഹാലയവും വെളിയംകോട് എം.ടിഎം സ്പോർട്ട്സ് വില്ലേജുമായിരിക്കും മേളയുടെ വേദികൾ.

പങ്കെടുക്കുന്നവർക്ക് ചലച്ചിത്രമേളയുടെ വെബ്‌സൈറ്റ് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാം. വിദ്യാർത്ഥികൾക്ക് ഇരുനൂറ് രൂപയും മറ്റുള്ളവർക്ക് നാനൂറ് രൂപയുമായിരിക്കും ഡെലിഗേറ്റ് ഫീസ്. ചലച്ചിത്ര മേളയുടെ ഭാഗമായി മാർച്ച് 23 മുതൽ മാർച്ച് 25 വരെ പൊന്നാനിയിൽ ത്രിദിന ചലച്ചിത്രാസ്വാദന ശിൽപ്പശാല നടക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്ത ഡെലിഗേറ്റുകൾക്കാണ് ശിൽപ്പശാലയിലേക്ക് പ്രവേശനമുണ്ടായിരിക്കുക. പ്രശസ്ത സിനിമാനിരൂപകൻ ശ്രീ മധു ജനാർദ്ധനനാണ് ക്യാമ്പ് ഡയറക്റ്റർ.

Also Read:ദർശന അന്താരാഷ്ട്ര ചലച്ചിത്രോത്സവം; 24ന് കട്ടപ്പന സന്തോഷ് സിനിമാസിൽ തുടങ്ങും

സിനിമയുടെ ഭാഷ, ലോകസിനിമയുടെ ചരിത്രം, സിനിമയുടെ സാമൂഹിക-രാഷ്ട്രീയ വായനകൾ, സിനിമയിലെ ആൺ നോട്ടങ്ങൾ, ലോകസിനിമയിലെ ആചാര്യന്മാർ, ദൃശ്യകാലത്തിന്റെ പരിണാമങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ വിധു വിൻസെന്റ്,ഡോ. ജി.ആർ സന്തോഷ് കുമാർ, ഡോ. എൻ.വി. മുഹമ്മദ് റാഫി, ജി.പി. രാമചന്ദ്രൻ, ഉണ്ണികൃഷ്ണൻ ആവള, അനു പാപ്പച്ചൻ, ജിതിൻ കെ.സി, കെ.ബി. വേണു, മമ്മദ് മൊണ്ടാഷ് തുടങ്ങിയവർ ക്ലാസ്സുകൾ നയിക്കും.

കൂടാതെ പ്രശസ്ത സിനിമാട്ടോഗ്രാഫർ മധു നീലകണ്ഠൻ, സംവിധായിക വിധു വിൻസന്റ് എന്നിവരും പങ്കെടുക്കുന്നവരുമായി സംവദിക്കാൻ ക്യാമ്പിലെത്തും. കൂടാതെ സർഗ്ഗാത്മകസൃഷ്ടികളും കോപ്പിറൈറ്റ് നിയമങ്ങളും, ചലച്ചിത്രം: തൊഴിൽ തൊഴിലിടം, സിനിമയിലെ ജാതീയതയും ലിംഗനീതിയും,സെൻസർഷിപ്പ് നിയമങ്ങളും സ്വതന്ത്ര സിനിമയും,സിനിമ-രാഷ്ട്രീയവും പ്രധിരോധവും,ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങളും സിനിമയും തുടങ്ങിയ വിഷയങ്ങളിൽ സജിൻ ബാബു,ജോഷി ജോസഫ്,വിപിൻ അറ്റ്ലി,അരുൺ കാർത്തിക് ,വിധു വിൻസെന്റ് ,ഡോ.അനു പാപ്പച്ചൻ,വി മോഹനകൃഷ്‌ണൻ ഓപൺ ഫോറവും നടക്കുമെന്ന് ഫെസ്റ്റിവൽ ഡയറക്ടർ കൂടിയായ പ്രശസ്ത സംവിധായകൻ സലാം ബാപ്പു അറിയിച്ചു.

ഡെലിഗേറ്റുകൾക്കുള്ള പാസുകൾ മേളയുടെ വെബ്സൈറ്റ് വഴിയോ ( iffponnani.com ) സംഘാടകരിൽ നിന്ന് നേരിട്ടോ കരസ്ഥമാക്കാം.
കൂടുതൽ വിവരങ്ങൾക്ക് 9995282821.

shortlink

Post Your Comments


Back to top button