തെരഞ്ഞെടുപ്പ് ചൂടിനിടയിൽ റിലീസ് ചെയ്യാനിരുന്ന മമ്മൂട്ടി ചിത്രമായിരുന്നു ‘വൺ’. പൊളിറ്റിക്കൽ ത്രില്ലർ ചിത്രമായ വണ്ണിൽ കേരളമുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനായിട്ടാണ് മെഗാസ്റ്റാർ ചിത്രത്തിലെത്തുന്നത്. സിനിമ പുറത്തിറങ്ങും മുൻപ് തന്നെ മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രൻ പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമായിട്ടുണ്ട്.
മമ്മൂട്ടിയുടെ കഥാപാത്രത്തിന് എന്തുകൊണ്ട് കടയ്ക്കൽ ചന്ദ്രൻ എന്ന് പേരിട്ടുവെന്ന് വെളിപ്പെടുത്തുകയാണ് തിരക്കഥാകൃത്തുക്കളിൽ ഒരാളായ സഞ്ജയ്. പലതവണ കടയ്ക്കൽ വഴി പോയപ്പോൾ ആ പേരിലെ ‘പവർ’ വല്ലാതെ ആകർഷിച്ചിരുന്നുവെന്ന് സഞ്ജയ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
‘കഥാപാത്രത്തിനു ‘ചന്ദ്രൻ’ എന്നു തന്നെയുള്ള പേരാണ് ആദ്യം മുതലേ പരിഗണിച്ചിരുന്നത്. എന്നാൽ, അതിനൊപ്പം കടയ്ക്കൽ കൂടി ചേർത്തതോടെയാണു കഥാപാത്രത്തിനു പൂർണത വന്നത്. ചന്ദ്രൻ എന്ന പേരിനൊപ്പം കടയ്ക്കൽ എന്ന സ്ഥലപ്പേരു കൂടിയെത്തിയതോടെ കഥാപാത്രത്തിന്റെ ശക്തി ഇരട്ടിയായി’- സഞ്ജയ് പറയുന്നു.
Also Read:ബംഗാളിൽ വൻ സിനിമാ താരങ്ങൾ ബി.ജെ.പി സീറ്റിൽ; നടി ശ്രാബന്ദി ചാറ്റർജി സ്ഥാനാർത്ഥി
ചിത്രം തെരഞ്ഞെടുപ്പിന് മുൻപ് റിലീസ് ചെയ്യാനുള്ള പദ്ധതിയിലാണ് അണിയറ പ്രവർത്തകർ. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് ബോബിയും സഞ്ജയും ചേർന്നാണ്. വണ്ണിന് നിലവിലെ കേരള രാഷ്ട്രീയവുമായി ബന്ധമില്ലെന്നാണ് സംവിധായകൻ വെളിപ്പെടുത്തിയത്.
മമ്മൂട്ടിക്കൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ എത്തുന്നത്. ജോജു ജോര്‍ജ്, മുരളി ഗോപി, ശ്രീനിവാസന്, ബാലചന്ദ്രമേനോന്, രഞ്ജിത്ത്, മാമുക്കോയ, സലീംകുമാര്‍, സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്, സുദേവ് നായര്‍, വിഷ്ണു ഉണ്ണിക്കൃഷ്ണന്, നിമിഷ സജയന്, ഗായത്രി അരുണ്‍, കൃഷ്ണകുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
Post Your Comments