‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് തിരക്കിലാണ് സംവിധായകൻ അലി അക്ബർ. തൻ്റെ ചിത്രത്തിൽ നടൻ സുരേഷ് ഗോപി അഭിനയിക്കാൻ വിസമ്മതം അറിയിച്ചതായി അലി അക്ബർ വെളിപ്പെടുത്തുന്നു. ഫെയ്സ്ബുക്കിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവേയാണ് അലി അക്ബർ ഇക്കാര്യം വ്യക്തമാക്കിയത്.
‘ഒരു സീനിലെങ്കിലും സുരേഷ് ഗോപി ചേട്ടനെ കൊണ്ടു വരണം ഇക്കാ’ എന്ന കമന്റിന് മറുപടിയായി അലി അക്ബർ നൽകിയത് ഇങ്ങനെയായിരുന്നു ‘പുള്ളി അഭിനയിക്കില്ല, മതേതരത്വം തകര്‍ന്നാലോ?’. ഇതോടെ, സുരേഷ് ഗോപി ശരിക്കും നോ പറഞ്ഞോ എന്ന് ആരാധകർ ആവർത്തിച്ചു. ഇതിന് ‘അതെ‘ എന്നായിരുന്നു അലി അക്ബറിന്റെ മറുപടി.
അതേസമയം, മറ്റ് സിനിമകളുടെ തിരക്കിലായിരുന്നു സുരേഷ് ഗോപി. സിനിമാതിരക്കുണ്ടെന്ന കാരണം സൂചിപ്പിച്ച് താരം നിയമസഭ തെരഞ്ഞെടുപ്പിൽ നിന്നുവരെ വിട്ടുനിന്നിരുന്നു. എന്നാൽ, കേന്ദ്രനേതൃത്വത്തിൻ്റെ ശക്തമായ ഇടപെടലിനൊടിവിലാണ് താരം തൃശൂരിൽ ബിജെപി സ്ഥാനാർത്ഥിയാകാൻ സമ്മതിച്ചതെന്നാണ് സൂചന. ഇത്തരം തിരക്കുകളുള്ളതിനാലാകാം താരം സിനിമ വേണ്ടെന്ന് വെച്ചതെന്നാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം, 1921 പുഴ മുതല്‍ പുഴ വരെയുടെ ആദ്യ ഷെഡ്യൂള്‍ വയനാട്ടില്‍ പൂര്‍ത്തിയായി. ആദ്യ ഷെഡ്യൂളിലെ എഡിറ്റിങ് പരിപാടികള്‍ ഉടന്‍ തന്നെ ആരംഭിക്കുന്നതാണ്. കേരളത്തിലെ തെരഞ്ഞെടുപ്പിന് ശേഷം മാത്രമെ ഇനി രണ്ടാമത്തെ ഷെഡ്യൂള്‍ ആരംഭിക്കുകയുള്ളു. 30 ദിവസം നീണ്ടതായിരുന്നു വയനാട്ടിലെ ആദ്യ ഷെഡ്യൂള്‍. മൂന്ന് ഷെഡ്യൂളുകളായാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുക.
Post Your Comments