തൃശ്ശൂര്‍: പതിനാറാമത് അന്തരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി നൽകി വരുന്ന രണ്ടാമത് എഫ്.എഫ്.എസ്.ഐ. വിജയമുലെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ചെലവൂര്‍ വേണുവിന് ലഭിച്ചു. ചലച്ചിത്ര മേഖലയില്‍ അദ്ദേഹം നടത്തിപോരുന്ന ക്രിയാത്മകവും സമഗ്രവുമായ പ്രവർത്തനങ്ങളുടെ ഭാഗമായാണ് അവാർഡ് നൽകിയിരിക്കുന്നത്.
ശശികുമാര്‍ (ഏഷ്യാനെറ്റ്) ചെയര്‍മാനും, എഫ്. എഫ്. എസ്. ഐ. സെക്രട്ടറി വി.കെ. ജോസഫ്, ഫിലിം മേക്കറും ഐ.എഫ്.എഫ്.ടി. ഡയറക്ടറേറ്റ് മെമ്പറുമായ ഡോ. കെ. ഗോപിനാഥന് അംഗങ്ങളുമായുള്ള ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.
കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിലെ പ്രധാനിയായിരുന്ന വേണു, കോഴിക്കോട് അശ്വനി ഫിലിം സൊസൈറ്റിയുടെ സ്ഥാപകനാണ്. കോഴിക്കോടിന്റെ ചലച്ചിത്രാസ്വാദന സംസ്ക്കാരത്തില്‍ കലാമൂല്യമുള്ള നല്ല സിനിമകള്‍ പ്രദര്‍ശിപ്പിക്കാനും മികവുറ്റ പ്രേക്ഷകസമൂഹത്തെ വാര്‍ത്തെടുക്കാനും ‘അശ്വനി’യിലൂടെ അദ്ദേഹം പരിശ്രമിക്കുകയുണ്ടായി. 70കളിലും 80കളിലുമായി രൂപംകൊണ്ട നിരവധി ഫിലിം സൊസൈറ്റികളുടെ പിന്നിലെ ശക്തി സ്രോതസ്സുകളില്‍ ഒരാള്‍ കൂടിയായിരുന്നു അദ്ദേഹം.
മാതൃഭൂമി പ്രസ്സില്‍ അച്ചടിച്ചു പ്രസിദ്ധീകരിച്ചിരുന്ന ചെലവൂരിന്റെ ‘സൈക്കോ’ എന്ന മനഃശാസ്ത്ര മാസിക വായനക്കാര്‍ക്കിടയില്‍ വേറിട്ടൊരനുഭവമാണ് ഉണ്ടാക്കിയത്.
നിലവിൽ ഫെഡറേഷന് ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡണ്ടാണ്. അതിന്റെ മുഖമാസികയായ ‘ദൃശ്യതാളം’ എന്ന ചലച്ചിത്ര പ്രസിദ്ധീകരണത്തിന്റെ ചീഫ് എഡിറ്ററുമാണ്.
Post Your Comments