തെലുങ്ക് യുവനടനും നാഗാർജുനയുടെ മകനുമായ നാഗചൈതന്യ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ആമിര്‍ ഖാന് കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം ‘ലാല്‍ സിംഗ് ഛദ്ദ’യിലാണ് നാഗചൈതന്യ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
എന്നാൽ ഈ കഥാപാത്രത്തിലേക്ക് ആദ്യം തമിഴ് സൂപ്പർ താരം വിജയ് സേതുപതിയെയാണ് തീരുമാനിച്ചിരുന്നത്. ഈ റോളിലേക്കാണ് നാഗചൈതന്യ എത്തുന്നതെന്നാണ് പിങ്ക്വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഡേറ്റ് സംബന്ധിച്ച പ്രശ്നങ്ങള്‍ കൊണ്ട് ലാല്‍ സിംഗ് ഛദ്ദയില്‍ നിന്നും വിജയ് സേതുപതി പിന്മാറിയിരുന്നു. കരീന കപൂര്‍ ആണ് ചിത്രത്തില്‍ നായികയാവുന്നത്. 1994ല്‍ പുറത്തിങ്ങിയ ഹോളിവുഡ് ചിത്രം ‘ഫോറസ്റ്റ് ഗംപി’ന്റെ ഹിന്ദി പതിപ്പാണ് ലാല്‍ സിംഗ് ചദ്ദ.
താരേ സമീന്‍ പര്, സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ തുടങ്ങിയ ആമിര്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്ത അദ്വൈത് ചന്ദനാണ് ലാല്‍ സിംഗ് ചദ്ദ ഒരുക്കുന്നത്. ചിത്രത്തില്‍ ഷാരൂഖ് ഖാന് കാമിയോ റോളില്‍ എത്തുന്നുണ്ട്. അതേസമയം, താങ്ക്യു എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് നാഗ ചൈതന്യ ഇപ്പോള്‍.ലവ് സ്റ്റോറി എന്ന ചിത്രമാണ് നാഗ ചൈതന്യയുടെതായി റിലീസിന് ഒരുങ്ങുന്നത്.
Post Your Comments