ബെംഗളൂരുവില്‍ യുവതിയെ മർദിച്ചെന്ന പരാതിയിൽ സസ്പെന്‍ഷനില്‍ കഴിയുന്ന സൊമാറ്റോ ഡെലിവറി എക്സിക്യൂട്ടീവ് കാമരാജിന് പിന്തുണയുമായി ‘സമീര്‍’ എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ നടൻ ആനന്ദ് റോഷൻ. കാമരാജിനെ പിന്തുണച്ചുകൊണ്ട് ആനന്ദ് റോഷൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
‘നൽകാം ഒരു ചെറുപുഞ്ചിരിയെങ്കിലും’ എന്ന് കുറിച്ചുകൊണ്ടാണ് ആനന്ദിന്റെ പോസ്റ്റ് തുടങ്ങുന്നത്. ‘ഫുഡ് ഡെലിവറി ആപ്പുകളിൽ ഓർഡർ ചെയ്ത ഭക്ഷണം നിങ്ങളിൽ എത്തിക്കുന്ന ആളുകൾക്ക് ടിപ്പ് ഒന്നും കൊടുത്തില്ലേലും ഒരു ചെറു പുഞ്ചിരി നൽകാൻ മറക്കരുതേ, അവരുടെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ ദേഷ്യപ്പെടാതെ അത് ചോദിച്ച് മനസിലാക്കാനുള്ള മനസ്സുകാണിച്ചാൽ വളരെ നല്ലത്, കുറച്ച് കാലം യൂബർ ഈറ്റ്സിൽ ( യൂബർ ഈറ്റ്സ് പിന്നീട് സൊമാറ്റോ ഏറ്റെടുത്തു) ഡെലിവറി ബോയ് ആയി ജോലി നോക്കിയിരുന്നതുകൊണ്ട് ആ ജോലിയുടെ ഗുണദോഷങ്ങൾ നേരിട്ട് അറിയാൻ കഴിഞ്ഞിട്ടുണ്ട്. ബാംഗ്ലൂരിൽ നടന്ന സംഭവം എല്ലാവരും അറിഞ്ഞുകാണുമല്ലോ, ഈ വിഷയത്തിൽ വേണ്ട അന്വേഷണം നടത്തി നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്ന് എല്ലാവരെയും പോലെ ഞാനും ആഗ്രഹിക്കുന്നു, കാമരാജ് നിരപരാധി ആണെന്ന് തന്നെയാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്ന് വിശ്വസിക്കുന്നത്’ എന്നും ആനന്ദ് റോഷൻ കുറിച്ചിരിക്കുകയാണ്.
https://www.instagram.com/p/CMbswLEpc3L/?utm_source=ig_web_copy_link
കാമരാജിന്റെ നിരപരാധിത്വം തെളിഞ്ഞാല്‍ പരാതിക്കാരിയായ ഹിതേഷ ചന്ദ്രാണിക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ ഒട്ടനവധിപേരാണ് രംഗത്ത് വന്നത്. അതേ സമയം സസ്പെൻഷനിൽ കഴിയുന്ന കാമരാജിന്റെ ചെലവ് സൊമാറ്റോ ഏറ്റെടുത്തു. ഇതോടൊപ്പം മര്‍ദനമേറ്റുവെന്ന് പരാതിപ്പെട്ട യുവതിയുടെ ചികിത്സച്ചെലവും കമ്പനി തന്നെയാണ് നോക്കുന്നത്.
ഭക്ഷണം എത്തിക്കാന്‍ വൈകിയത് സംബന്ധിച്ച് യുവതിയും ഭക്ഷണവിതരണക്കാരനും തമ്മിലുള്ള തര്‍ക്കമാണ് പരാതിക്ക് ഇടയാക്കിയത്. വൈകിയെത്തിയ ഭക്ഷണം വേണ്ടെന്ന് പറഞ്ഞതോടെ ഭക്ഷണവിതരണക്കാരന് ആക്രമിച്ചെന്നായിരുന്നു മോഡലും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ ഹിതേഷ ചന്ദ്രാനി വൈറ്റ് ഫീല്‍ഡ് പോലീസില്‍ പാരാതി നല്‍കിയത്. എന്നാല്‍ യുവതിയുടെ മോതിരം മൂക്കില്‍തട്ടിയാണ് മുറിവുണ്ടായതെന്നും ഇത് താന്‍ മര്‍ദിച്ചുവെന്നതരത്തില്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്നും കാമരാജ് പറയുന്നു. സംഭവത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
Post Your Comments