
ബെംഗളൂരുവില്‍ യുവതിയെ മർദിച്ചെന്ന പരാതിയിൽ സസ്പെന്‍ഷനില്‍ കഴിയുന്ന സൊമാറ്റോ ഡെലിവറി എക്സിക്യൂട്ടീവ് കാമരാജിന് പിന്തുണയുമായി ബോളിവുഡ് നടി പരിണീതി ചോപ്ര. സംഭവത്തിലെ സത്യാവസ്ഥ കണ്ടു പിടിക്കണമെന്നും. സൊമാറ്റോ ജീവനക്കാരന് നിരപരാധിയാണെന്നാണ് താന്‍ കരുതുന്നതെന്നും അങ്ങനയെങ്കില്‍ യുവതിക്ക് അര്‍ഹമായ ശിക്ഷ ലഭിക്കണമെന്നുമാണ് പരിണീതി ചോപ്ര ട്വിറ്ററില്‍ കുറിച്ചു.
‘ സൊമാറ്റോ ഇന്ത്യ, ദയവായി സത്യാവസ്ഥ കണ്ടെത്തി പൊതുജനത്തെ അറിയിക്കുക. ഈ മാന്യവ്യക്തി നിരപരാധിയാണെങ്കില്‍ ( അദ്ദേഹം നിരപരാധിയാണെന്ന് ഞാന്‍ കരുതുന്നു) പ്രതിസ്ഥാനത്തുള്ള യുവതിക്ക് ശിക്ഷ നല്കാന് സഹായിക്കൂ. ഇത് തികച്ചും മനുഷ്യ രഹിതവും, ഹൃദയേഭദകവും അപമാനകരവുമാണ്. എനിക്ക് എങ്ങനെയാണ് സഹായിക്കാന്‍ പറ്റുകയെന്ന് ദയവായി അറിയിക്കൂ,’ പരിനീതി ചോപ്ര ട്വിറ്ററില്‍ കുറിച്ചു. ഇന്‍സ്റ്റഗ്രാമിലും നടി പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.
കാമരാജിന്റെ നിരപരാധിത്വം തെളിഞ്ഞാല്‍ പരാതിക്കാരിയായ ഹിതേഷ ചന്ദ്രാണിക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ ഒട്ടനവധിപേരാണ് രംഗത്ത് വന്നത്. അതേ സമയം സസ്പെൻഷനിൽ കഴിയുന്ന കാമരാജിന്റെ ചെലവ് സൊമാറ്റോ ഏറ്റെടുത്തു. ഇതോടൊപ്പം മര്‍ദനമേറ്റുവെന്ന് പരാതിപ്പെട്ട യുവതിയുടെ ചികിത്സച്ചെലവും കമ്പനി തന്നെയാണ് നോക്കുന്നത്.
ഭക്ഷണം എത്തിക്കാന്‍ വൈകിയത് സംബന്ധിച്ച് യുവതിയും ഭക്ഷണവിതരണക്കാരനും തമ്മിലുള്ള തര്‍ക്കമാണ് പരാതിക്ക് ഇടയാക്കിയത്. വൈകിയെത്തിയ ഭക്ഷണം വേണ്ടെന്ന് പറഞ്ഞതോടെ ഭക്ഷണവിതരണക്കാരന് ആക്രമിച്ചെന്നായിരുന്നു മോഡലും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ ഹിതേഷ ചന്ദ്രാനി വൈറ്റ് ഫീല്‍ഡ് പോലീസില്‍ പാരാതി നല്‍കിയത്. എന്നാല്‍ യുവതിയുടെ മോതിരം മൂക്കില്‍തട്ടിയാണ് മുറിവുണ്ടായതെന്നും ഇത് താന്‍ മര്‍ദിച്ചുവെന്നതരത്തില്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്നും കാമരാജ് പറയുന്നു. സംഭവത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
Post Your Comments