കൊച്ചി: സംസ്ഥാനത്ത് സെക്കന്‍ഡ് ഷോ അനുവദിച്ചതോടെ റിലീസിനായി കാത്തിരുന്ന ചിത്രങ്ങൾ എല്ലാം പ്രദർശനത്തിനൊരുങ്ങുകയാണ്. ഒന്‍പത് മലയാള ചിത്രങ്ങളും നാല് അന്യഭാഷ ചിത്രങ്ങളും ഉള്‍പ്പെടെ 13 സിനിമകളാണ് മാർച്ചിൽ പ്രദർശനത്തിനെത്തുന്നത്.
സെക്കൻഡ് ഷോ അനുവദിച്ചതിന് പിന്നാലെ മമ്മൂട്ടിയുടെ ‘ദി പ്രീസ്റ്റ്’ ആണ് തിയേറ്ററുകളിൽ ആദ്യം റിലീസിനെത്തിയത്. രണ്ടുവട്ടം റിലീസ് തിയ്യതി പ്രഖ്യാപിക്കുകയും സെക്കന്‍ഡ് ഷോ ഇല്ലാത്തതിന്റെ പേരില്‍ മാറ്റി വയ്ക്കുകയും ചെയ്ത സിനിമയാണ് ‘ദി പ്രീസ്റ്റ്’. ഒ ടി ടി പ്ലാറ്റ്ഫോമിലേക്ക് പോകാവുന്ന സാഹചര്യം ഉണ്ടായിട്ടും തിയേറ്ററില്‍ തന്നെ സിനിമ റിലീസ് ചെയ്യണമെന്ന മമ്മൂട്ടിയുടെ ഉറച്ച തീരുമാനത്തിന്റെ ഭാഗമായിരുന്നു സിനിമ തിയേറ്ററിലെത്താൻ കാരണമായത്.
ഇതേ ദിവസം റിലീസ് ചെയ്ത മറ്റൊരു സിനിമയാണ് ‘Tസുനാമി’. ലാലും ലാല്‍ ജൂനിയറും ചേര്‍ന്നൊരുക്കിയ ‘Tസുനാമി’ യുടെ റിലീസ് വളരെ മുമ്പ് തന്നെ പ്രഖ്യാപിച്ചതാണ്. പിന്നാലെ
12 ന് പാർവതിയുടെ ‘വര്‍ത്തമാനം’ റിലീസ് ചെയ്തു.
മാര്‍ച്ച് 19ന് മാര്ട്ടിന് പ്രക്കാട്ടിന്റെ ‘നായാട്ട്’, ജിസ് ജോയ് സംവിധാനം ചെയ്യുന്ന ‘മോഹന്‍കുമാര്‍ ഫാന്‍സ്’ എന്നീ ചിത്രങ്ങള്‍ റിലീസ് ചെയ്യും. ഇതോടൊപ്പം രണ്ട് അന്യഭാഷാ ചിത്രങ്ങളും പ്രദര്‍ശനത്തിന് എത്തുന്നുണ്ട്. പ്രേക്ഷകരും സിനിമ ഇന്‍ഡസ്ട്രിയും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ ‘വണ്‍’ മാര്‍ച്ച് 26 ന് റിലീസ് ചെയ്യും. ‘അനുഗ്രഹീതന്‍ ആന്റണി’, ‘ആണും പെണ്ണും’, ‘കള’ എന്നീ ചിത്രങ്ങളും 26ന് എത്തും. ഇതോടൊപ്പം എത്തുന്ന മറ്റൊരു ചിത്രമാണ് ‘ഗോഡ്സില്ല വി എസ് കോങ്ങ്’.
അതേസമയം വിഷുവിനോട് അനുബന്ധിച്ച് ഏപ്രില്‍ മാസം റിലീസ് ചെയ്യാനുള്ള സിനിമകളുടെ ഒരുക്കങ്ങള്‍ അണിയറയില്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഏപ്രില്‍ മാസവും ധാരാളം സിനിമകള്‍ റിലീസ് ചെയ്യാനാണ് സാധ്യത.
Post Your Comments