കഥ മോഷ്ടിച്ചെന്ന പരാതിയിൽ ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ കേസെടുത്തു. എഴുത്തുകാരൻ ആഷിഷ് കൗൾ ആണ് കങ്കണയ്ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. പുറത്തിറങ്ങാനിരിക്കുന്ന ചിത്രമായ മണികർണിക റിട്ടേൺസ്: ദി ലെജൻഡ് ഓഫ് ദിഡ്ഡയുടെ കഥ കങ്കണ മോഷ്ടിച്ചുവെന്നാണ് ആഷിഷ് നൽകിയ പരാതിയിൽ പറയുന്നത്.
ദിഡ്ഡ : ദി വാരിയർ ഓഫ് ക്വീൻ എന്ന ജീവചരിത്രത്തിന്റെ പകർപ്പവകാശം തനിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. നിർമാതാവ് കമൽ ജെയിൻ, കങ്കണയുടെ സഹോദരിയും മാനേജരുമായ രംഗോലി എന്നിവരുടെ പേരുകളും പരാതിയിൽ പരാമർശിക്കുന്നുണ്ട്.
”ഇന്ന് ഞാൻ ജീവിതത്തിലെ പുതിയ ഒരു യാത്രയ്ക്ക് തുടക്കം കുറിക്കുകയാണ്. വൈറ്റ് കോളർ കുറ്റകൃത്യങ്ങൾക്കെതിരായ ഒരു യാത്ര. എന്റെ ബൗദ്ധിക സ്വത്തവകാശവും നീതിയും നിസ്സാരമായി, നഗ്നമായി ലംഘിക്കപ്പെട്ടതിനെതിരെ”… എന്ന് ആഷിഷ് കൗൾ ഒരു പ്രസ്താവനയിൽ പറയുന്നു. പണവും അധികാരവും കൈവശമുള്ളവർ നിയമത്തെ വളച്ചൊടിക്കുകയും എഴുത്തുകാരന്റെ അവകാശങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറയുന്നു.
2019-ൽ പുറത്തിറങ്ങിയ മണികർണിക : ദി ക്വീൻ ഓഫ് ഝാൻസിയുടെ രണ്ടാം ഭാഗമെന്ന നിലയിലാണ് പുതിയ ചിത്രം പ്രഖ്യാപിക്കപ്പെട്ടത്. ആദ്യചിത്രം സംവിധാനം ചെയ്തത് രാധാ കൃഷ്ണ, ജഗർലമുഡി കങ്കണ റണാവത്ത് എന്നിവർ ചേർന്നാണ്. ഈ ചിത്രവും പല വിവാദങ്ങൾക്കും കാരണമായി തീർന്നിരുന്നു.
Post Your Comments