മലയാള സിനിമയിലെ പരീക്ഷണ ചിത്രങ്ങളില്‍ ഫഹദ് ഫാസില്‍ എന്ന നടന്‍ സജീവമാണ്. ഫഹദ് തെരഞ്ഞെടുക്കുന്ന സിനിമകള്‍ എല്ലാം തന്നെ മാറ്റത്തിന്റെ പുതു വഴി സൃഷ്ടിക്കുമ്പോള്‍ ആ നിരയിലേക്ക് ഒന്നുക്കൂടി ചേര്‍ത്ത് വയ്ക്കാനുള്ള ഒരുക്കത്തിലാണ് താരം. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മാലിക് എന്ന സിനിമ ചെയ്യാനുണ്ടായ കാരണത്തെക്കുറിച്ച് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുകയാണ് ഫഹദ് ഫാസില്‍.
“മാലിക് എന്ന സിനിമയുടെ കഥയാണ് എന്നെ ആകര്‍ഷിച്ചത്. സാധാരണ വലിയ മാറ്റം വരുത്തേണ്ട രീതിയിലുള്ള കഥാപാത്രങ്ങള്‍ ഞാന്‍ ഒഴിവാക്കുകയാണ് പതിവ്. വന്‍ രൂപമാറ്റം എന്നത് എന്നെ സംബന്ധിച്ച് അത്രയ്ക്ക് താല്‍പര്യം ഇല്ലാത്ത കാര്യമാണ്. ഇരുപത്തിയഞ്ച് മുതല്‍ എഴുപത് വയസ്സുവരെയുള്ള രൂപമാറ്റം ആ സിനിമയില്‍ ഞാന്‍ ചെയ്തിട്ടുണ്ട്. അതിന്റെ കഥ കേട്ടപ്പോള്‍ തന്നെ എനിക്ക് ഇത് ചെയ്യണമെന്നു തോന്നി. അങ്ങനെയാണ് കൈ കൊടുക്കുന്നത്. എന്നെ മേക്കപ്പ് ചെയ്തു കൊണ്ടിരിക്കുന്ന സമയത്ത് രഞ്ജിത്ത് അമ്പാടിയുടെ അടുത്ത് ഞാന്‍ എന്റെ ഗ്രാന്‍ഡ് ഫാദറിന്റെ ഒരു ഫോട്ടോ കാണിച്ചു കൊടുത്തു. എനിക്ക് ഏഴു വയസ്സുള്ളപ്പോള്‍ മരിച്ചു പോയതാണ് പുള്ളി. അത് കണ്ടപ്പോള്‍ രഞ്ജിത്ത് എന്റെ മേക്കപ്പില്‍ പെട്ടെന്ന് വ്യത്യാസം വരുത്തി. എന്നിട്ട് എന്റെ ഗ്രാന്‍ഡ് ഫാദര്‍ ലുക്കിലേക്ക് എന്നെ മാറ്റി. അതിനു പ്രത്യേകിച്ച് വലിയ മിനുക്ക് പണികള്‍ ഒന്നും വേണ്ടി വന്നില്ല. ഇത് ഞാന്‍ എന്റെ ഉമ്മയ്ക്ക് അയച്ചു കൊടുത്തപ്പോള്‍ ഉമ്മയും പറഞ്ഞു ഞാന്‍ ഗ്രാന്‍ഡ് ഫാദറിനെ പോലെയുണ്ടെന്ന്”.
Post Your Comments