GeneralLatest NewsMollywoodNEWS

ദേവരാജന്‍ മാസ്റ്ററുടെ ഓർമ്മയിൽ ‘ദേവരാഗ സന്ധ്യ’ ; വിധു പ്രതാപ് ഉൾപ്പടെയുള്ള ഗായകർ ഗാനാര്‍ച്ചന നടത്തും

മാസ്റ്ററുടെ ശിഷ്യന്മാരും പ്രശസ്ത പിന്നണി ഗായകരും ചേര്‍ന്ന് ഗാനാര്‍ച്ചന നടത്തും

സന്ന്യാസിനി നിൻ പുണ്യാശ്രമത്തിൽ തുടങ്ങി അനശ്വരങ്ങളായ നിരവധി ഗാനങ്ങളിലൂടെ മലയാളികളുടെ കാതോരത്ത് നിത്യം ജീവിക്കുന്ന ദേവരാജൻ മാസ്റ്ററുടെ പതിനഞ്ചാം ഓര്‍മ്മ ദിനമാണ് മാര്‍ച്ച് 14. എല്ലാവർഷവും അദ്ദേഹത്തിന്റെ ഓർമ്മ ദിനത്തിൽ ദേവരാജന്‍ മാസ്റ്റര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ‘ദേവരാഗ സന്ധ്യ’ സംഘടിപ്പിക്കാറുണ്ട്.

മുൻകാലങ്ങളിലെ പോലെ ഇത്തവണയും ദേവരാഗ സന്ധ്യ ഒരുങ്ങുന്നുണ്ട്. ഇന്ന് വൈകുന്നേരം നടക്കുന്ന ചടങ്ങിൽ മാനവീയം വീഥിയിലെ ദേവരാജന്‍ മാസ്റ്റര്‍ സ്‌ക്വയറില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തുന്നതാണ്.

അതിനു ശേഷം ജവഹര്‍ ബാലഭവനില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് തയ്യാറാക്കിയ വേദിയില്‍ വിധുപ്രതാപ്, കല്ലറ ഗോപന്‍, സുദീപ്കുമാര്‍, രാജലക്ഷ്മി, ശ്രീറാം, രാജീവ് ഒ എന്‍ വി, ബിജോയ്, സരിത, നാരായണി, കാഞ്ചന, ദിവ്യ തുടങ്ങി മാസ്റ്ററുടെ ശിഷ്യന്മാരും പ്രശസ്ത പിന്നണി ഗായകരും ചേര്‍ന്ന് ഗാനാര്‍ച്ചന നടത്തും.

മാസ്റ്ററുടെ നിത്യഹരിത ഗാനങ്ങള്‍ വേദിയില്‍ ആലപിക്കും. മാസ്റ്റര്‍ ഈണം നല്‍കിയ പൂപ്പാട്ടുകളും കിളിപ്പാട്ടുകളും കോര്‍ത്തിണക്കിയ സംഗീത സായാഹ്നമാണ് ഈ വര്‍ഷത്തെ പ്രത്യേകതയെന്ന് ദേവരാജന്‍ മാസ്റ്റര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി ഹരി കരമന അറിയിച്ചു.

1927 സെപ്റ്റംബര്‍ 27ന് കൊല്ലം പരവൂരിലാണ് അദ്ദേഹത്തിന്‍റെ ജനനം. പരവൂര്‍ ഗോവിന്ദൻ ദേവരാജൻ എന്ന് അറിയപ്പെട്ടിരുന്ന അദ്ദേഹം ദേവരാജൻ മാസ്റ്റര്‍ എന്നാണ് മലയാള സിനിമാ ലോകത്ത് അറിയപ്പെടുന്നത്.

shortlink

Related Articles

Post Your Comments


Back to top button