‘അഞ്ചാം പാതിര’ എന്ന സിനിമയിലെ അതിഥി വേഷത്തിന്റെ പ്രാധാന്യം സിനിമ ചെയ്യും മുന്‍പേ താന്‍ മനസിലാക്കിയിരുന്നില്ലെന്നും കുഞ്ചാക്കോ ബോബനൊക്കെ വിളിച്ചു തനിക്ക് ക്രെഡിറ്റ് നല്‍കിയപ്പോഴും സിനിമയിലെ സസ്പന്‍സ് എന്തെന്നറിയാതെ താന്‍ പകച്ചുനിന്നുവെന്നും തന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് സിനിമയുടെ അനുഭവം പങ്കുവച്ചുകൊണ്ട് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ നിഖില വിമല്‍ വിശദീകരിക്കുന്നു.
നിഖില വിമലിന്റെ വാക്കുകള്‍
“അഞ്ചാം പാതിര എന്ന സിനിമയിലെ ഗസ്റ്റ് റോള്‍ ചെയ്തു കഴിഞ്ഞു അങ്ങനെയൊരു സിനിമ ചെയ്ത കാര്യമേ ഞാന്‍ മറന്നു പോയിരുന്നു. കാരണം അതില്‍ എന്റെ കഥാപാത്രത്തിന്റെ പ്രാധാന്യം ഒന്നും എനിക്ക് അറിയില്ലായിരുന്നു. എന്നെ ഒരു ദിവസത്തെ ഷൂട്ടിനു വിളിച്ചു. ഞാന്‍ പോയി അഭിനയിച്ചു. സാധാരണ ഒരു ഗസ്റ്റ് റോള്‍ ആയിരിക്കും എന്ന് കരുതി. പക്ഷേ സിനിമയുടെ കഥയുമായി എന്റെ കഥാപാത്രത്തിന് ഇത്രത്തോളം ബന്ധമുണ്ടെന്നത് സിനിമ കണ്ടു കഴിഞ്ഞിട്ടാണ് എനിക്ക് മനസ്സിലായത്. ചാക്കോച്ചനൊക്കെ വിളിച്ചിട്ട് പറഞ്ഞു ‘ഞങ്ങള്‍ കഷ്ടപ്പെട്ട് അഭിനയിച്ചിട്ടു നീ കയ്യടിയും വാങ്ങി പോയല്ലോ’ എന്ന് അപ്പോഴും ഞാന്‍ സിനിമ കണ്ടിരുന്നില്ല. സിനിമ ഇറങ്ങി ആദ്യം ദിവസം മുതല്‍ തന്നെ എനിക്ക് അത്രയേറെ ഫീഡ്ബാക്ക് വന്നപ്പോള്‍ ഞാന്‍ തന്നെ അതിശയപ്പെട്ടു. ഒരു ഗസ്റ്റ് റോള്‍ ചെയ്തതിനു ഇത്രയേറെ അഭിനന്ദനമോ. ‘അരവിന്ദന്റെ അതിഥികള്‍’ എന്ന സിനിമയിലെ കഥാപാത്രം ചെയ്തതിനേക്കാള്‍ പ്രശംസയാണ് കിട്ടിയത്. പിന്നീട് കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞു ‘അഞ്ചാം പാതിര’ കണ്ടു കഴിഞ്ഞപ്പോഴാണ് എന്റെ കഥാപാത്രത്തിന് അത്രത്തോളം പ്രധാന്യമുണ്ടെന്നു മനസ്സിലായത്”.
Post Your Comments