ഗായകനും സംവിധായകനും നടനുമായ വിനീത് ശ്രീനിവാസന് നേരെ ഉയർന്ന വിമർശനത്തിനെതിരെ മറുപടിയുമായി സംഗീത സംവിധായകൻ കൈലാസ് മേനോൻ. റെജി ലൂക്കോസ് എന്ന വ്യക്തി വിനീതിന് എതിരെ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. വിനീത് ശ്രീനിവാസന്റെ സംഗീതം അരോചകമാണെന്നും മലയാള ഭാഷയ്ക്കും സംഗീതത്തിനും അപമാനമാണെന്നുമായിരുന്നു റെജിയുടെ അഭിപ്രായം. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെയാണ് കൈലാസ് മറുപടിയുമായി രംഗത്തെത്തിയത്.
18 വർഷമായി സംഗീത സംവിധായകർ അദ്ദേഹത്തെ പാടാൻ വിളിക്കുന്നുണ്ടെങ്കിൽ കഴിവ് എന്നൊരു സംഭവം ഉള്ളത് കൊണ്ട് തന്നെയാണ് എന്ന് കൈലാസ് കുറിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കൈലാസ് മേനോനും തന്റെ പ്രതികരണം അറിയിച്ചത്.
കൈലാസ് മേനോൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം
‘ആദ്യമായി വിനീതിന്റെ പാട്ട് റെക്കോർഡ് ചെയ്യുന്നത് 3 മാസം മുമ്പാണ്. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു മണിക്കൂർ പോലും എടുക്കാതെ പാടി തീർത്തു..ഞാൻ ചെയ്തിട്ടുള്ളതിൽ ഏറ്റവും വേഗമേറിയ റെക്കോർഡിങ് സെഷൻ ആയിരുന്നു അത്. പാടുന്ന ഭൂരിഭാഗം ടേക്കുകളും പെർഫെക്റ്റ് ആയിരുന്നു എന്നത് കൊണ്ടാണ് അത്രയും വേഗം റെക്കോർഡിങ് കഴിഞ്ഞത്.”സിനിമ മേഖലയിലെ ബന്ധങ്ങളും അടുപ്പങ്ങളുമെല്ലാം വച്ച് ഒന്നോ രണ്ടോ മൂന്നോ പാട്ടുകൾ പാടാം, പക്ഷെ 18 വർഷമായി സംഗീത സംവിധായകർ അദ്ദേഹത്തെ പാടാൻ വിളിക്കുന്നുണ്ടെങ്കിൽ കഴിവ് എന്നൊരു സംഭവം ഉള്ളത് കൊണ്ട് തന്നെയാണ്. അദ്ദേഹത്തിന്റെ പാട്ടുകൾ ഇഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് ആളുകൾ ഉള്ളത് കൊണ്ടും കൂടിയാണ്.’, കൈലാസ് ഫേസ്ബുക്കിൽ കുറിച്ചു.
‘എന്നോട് ആരെങ്കിലും എനിക്ക് ഏറ്റവും അരോചകമായത് എന്തെന്നു ചോദിച്ചാൽ ഈ മനുഷ്യൻ്റെ (വിനീത് ശ്രീനിവാസൻ) പാട്ടുകേൾക്കുന്നതാണന്ന് നിസ്സംശയം പറയുമെന്നായിരുന്നു റെജിയുടെ കുറിപ്പ്. കൊയ കൊയ കൊഞ്ചിക്കൊണ്ടുള്ള ഇദ്ദേഹത്തിൻ്റ് പാട്ടുകൾ മലയാളസംഗീതത്തിനും ഭാഷയ്ക്കും അപമാനമാണ്.”എന്തു ചെയ്യാം സകല പാട്ടുകളും പാടുന്നത് ഈ സംഗീതം എന്തെന്നറിയാത്ത മനുഷ്യനാണെന്നതാണ് കാലഘട്ടത്തിൻ്റെ ഗതികേടും നാണക്കേടും. മുഴുവൻ പാട്ടുകളും ഇങ്ങേർ പാടുന്നത് എന്ത് അഡ്ജസ്റ്റുമെൻ്റാണ്. എത്രയോ മിടുമിടുക്കരുടെ അവസരമാണ് ഈ ലോബിയിങ് കാരൻ തകർക്കുന്നത്’, എന്നായിരുന്നു റെജി ലൂക്കോസ് ഫേസ്ബുക്കിൽ കുറിച്ചത്.
Post Your Comments