
പ്രശസ്ത തബലിസ്റ്റ് ഉസ്താദ് സക്കീര്‍ ഹുസൈന് ഇന്ന് 70–ാം പിറന്നാൾ. വളരെ ചെറുപ്രായത്തില്‍ തന്നെ മഹാന്മാരായ പല സംഗീതജ്ഞര്‍ക്കൊപ്പം തബല വായിച്ചു തുടങ്ങിയ സക്കീർ ഹുസൈൻ തബലയില്‍ മെലഡി നൽകുന്ന പ്രതിഭയാണ്. അച്ഛന്റെ പാത പിന്തുടർന്ന് എത്തിയ അദ്ദേഹം ചുരുങ്ങിയ സമയംകൊണ്ടുതന്നെ ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു കലാകാരനായി മാറുകയായിരുന്നു.
മുംബൈയിലെ മാഹിമിൽ ജനിച്ച സക്കീർ ഹുസൈൻ മൂന്നു വയസ് മുതൽ സംഗീതത്തിൽ അഭിരുചി കാണിച്ചു തുടങ്ങി. മേശകളിലും പാത്രങ്ങളിലും താളം പിടിച്ചുതുടങ്ങിയ ആ കൈകളുടെ മാന്ത്രിക ശക്തി അച്ഛൻ അല്ലാ രഖാ തിരിച്ചറിഞ്ഞിരുന്നു. തബലയില്‍ പഞ്ചാബ് ഖരാനയില്‍ അച്ഛന്റെ പാത പിന്തുടർന്ന് ആദ്യമായി ഏഴാമത്തെ വയസില്‍ സരോദ് വിദഗ്‌ധന്‍ ഉസ്‌താദ് അലി അക്‌ബര്‍ ഖാനൊടോപ്പം ഏതാനും മണിക്കൂര്‍ അച്ഛന് പകരക്കാരനായി. പിന്നീട് പന്ത്രണ്ടാമത്തെ വയസില്‍ ബോംബെ പ്രസ് ക്ലബില്‍ നൂറുരൂപക്ക് ഉസ്‌താദ് അലി അക്‌ബര്‍ ഖാനൊടോപ്പം തന്നെ സ്വതന്ത്രമായി തബല വായിച്ച് സംഗീതലോകത്ത് വരവറിയിച്ചു.
പന്ത്രണ്ടാം വയസില്‍ തന്നെ പട്നയിൽ ദസറ ഉത്സവത്തില്‍ മഹാനായ സിത്താര്‍ വാദകന്‍ ഉസ്‌താദ് അബ്ദുല്‍ ഹലിം ജാഫര്‍ ഖാൻ, ശഹനായി ചക്രവര്‍ത്തി ബിസ്‌മില്ലാ ഖാന്‍ എന്നിവരോടൊപ്പം രണ്ടു ദിവസത്തെ കച്ചേരികളില്‍ തബല വായിച്ചു. മുംബൈ സെന്റ് സേവ്യേഴ്‌സ് കോളേജിലെ പഠനം പൂര്‍ത്തിയാക്കിയ സക്കീര്‍ ഹുസൈന്‍ 1970ല്‍ അമേരിക്കയില്‍ സിത്താര്‍ മാന്ത്രികന്‍ രവി ശങ്കറിനൊപ്പം പതിനെട്ടാമത്തെ വയസില്‍ കച്ചേരി അവതരിപ്പിച്ചു. വർഷത്തിൽ നൂറ്റിഅന്‍പതിലധികം ദിവസങ്ങളിലും സക്കീര്‍ ഹുസൈന്‍ കച്ചേരികള്‍ നടത്തിയിരുന്നു.
ഇന്ത്യക്ക് പുറത്തും നിരവധി അംഗീകാരങ്ങൾ സക്കീര്‍ ഹുസൈനെ തേടിയെത്തിയിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ 2016ല്‍ വൈറ്റ് ഹൗസില്‍ വച്ച് നടന്ന ഓള്‍ സ്‌റ്റാര്‍ ഗ്ലോബല്‍ കണ്‍സേര്‍ട്ടില്‍ പങ്കെടുക്കാന്‍ സക്കീര്‍ ഹുസൈനെ ക്ഷണിച്ചിരുന്നു. ആദ്യമായി ഇന്ത്യയില്‍ നിന്നുള്ള ഒരു സംഗീതഞ്‌ജനു കിട്ടുന്ന അംഗീകാരമായിരുന്നു അത്.
മലയാളത്തിലെ ‘വാനപ്രസ്ഥം’ അടക്കമുളള ഏതാനും സിനിമകൾക്കും സംഗീതം നൽകിയിട്ടുണ്ട്. അറ്റ്‌ലാന്‍ഡ ഒളിംപിക്‌സിന്റെ (1996) ഉദ്ഘാടന ചടങ്ങുകള്‍ക്ക് സംഗീതം ചിട്ടപ്പെടുത്തിയതും സക്കീര്‍ ഹുസൈനാണ്. അഭിനയത്തിലും അദ്ദേഹം തന്റെ സാനിധ്യം അറിയിച്ചിട്ടുണ്ട്. ഏതാനും ബോളിവുഡ് സിനിമകളിലും ബ്രിട്ടീഷ് സിനിമകളിലും പ്രധാനവേഷങ്ങളും കൈകാര്യം ചെയ്‌തിട്ടുണ്ട്. ഭാര്യ പ്രശസ്‌ത കഥക് നര്‍ത്തകിയുമായ അന്റോണിയ മിനെക്കോള, മക്കൾ അനിസ ഖുറേഷി, ഇസബെല്ല ഖുറേഷി .
Post Your Comments