ഇതിഹാസ പ്രണയ കഥയായ ശാകുന്തളം വീണ്ടും സിനിമയാകുന്നു. നേരത്തെ ശകുന്തളയായി സാമന്ത എത്തുന്ന വിവരം വാർത്തകളിൽ ഇടംപിടിച്ചിരുന്നു. എന്നാൽ ദുഷ്യന്തനായി ആരാണ് എത്തുന്നത് എന്ന് തീരുമാനിച്ചിട്ടില്ലായിരുന്നു. പല തെന്നിന്ത്യൻ താരങ്ങളുടെയും പേര് ഉയർന്നു കേട്ടെങ്കിലും ഇപ്പോഴിതാ യഥാർത്ഥ ദുഷ്യന്തനെ തീരുമാനിച്ചിരിക്കുകയാണ്.
ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളികളികൾക്ക് പ്രിയങ്കരനായി മാറിയ ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലെ നായകനായ ദേവ് മോഹന്‍ ആണ് ചിത്രത്തിൽ സാമന്തക്കൊപ്പം എത്തുന്നത്. ഇപ്പോഴിതാ സാമന്ത തന്നെ ഇക്കാര്യം അറിയിച്ചിരിക്കുകയാണ്.
‘ഞങ്ങളുടെ ഏറെ ആകർഷകമായ രാജകുമാരനെ ഇതാ അവതരിപ്പിക്കുന്നു’, എന്ന് കുറിച്ചുകൊണ്ടാണ് ട്വിറ്ററിൽ സമാന്ത ‘ശാകുന്തള’ത്തിലെ ദുഷ്യന്തനായി ദേവ് മോഹൻ എത്തുന്നുവെന്ന് അറിയിച്ചിരിക്കുന്നത്. ഇത് പ്രഖ്യാപിച്ചുകൊണ്ടുള്ള വീഡിയോയും സാമന്ത പങ്കുവെച്ചു.
പുരാണകഥയെ ആസ്പദമാക്കിക്കൊണ്ട് സംവിധായകനും തിരക്കഥാകൃത്തുമായ ഗുണശേഖര്‍ ഒരുക്കുന്ന സിനിമയാണ് ‘ശാകുന്തളം’. ‘സൂഫിയും സുജാതയും’ സിനിമയ്ക്ക് ശേഷം ദേവ് ഇപ്പോള്‍ ‘പുള്ളി’ എന്ന സിനിമയിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ദുഷ്യന്തനായി ദേവ് മോഹൻ എത്തുന്നതോടെ അദ്ദേഹത്തിന്റെ കരിയറിലെ വലിയ വഴിത്തിരിവാകുമെന്നാണ് സൂചന.
150 കോടി ബജറ്റിലാണ് ‘ശാകുന്തളം’ എന്നാണ് സൂചന. പുരാതന കവികളിൽ അഗ്രഗണ്യനായ കാളിദാസന്റെ രചനയിൽ പിറവിയെടുത്ത അഭിജ്ഞാന ശാകുന്തളം എന്ന അനശ്വര പ്രേമകാവ്യം സിനിമയാകുമ്പോള്‍ ശകുന്തളയുടെ വീക്ഷണകോണില്‍ നിന്നുള്ളതായിരിക്കുമെന്ന് സംവിധായകൻ മുമ്പ് വ്യക്തമാക്കിയിട്ടുമുണ്ട്.
Post Your Comments