‘ഗുണ്ടയായി തുടങ്ങണോ’ എന്നായിരുന്നു അദ്ദേഹത്തിന്‍റെ ചോദ്യം: സിനിമ തെരഞ്ഞെടുത്ത നിമിഷത്തെക്കുറിച്ച് മുരളി ഗോപി

മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ രാജ്യാന്തര എക്സ്പോഷര്‍ ലഭിച്ചത് അക്കാലത്താണ്

മാധ്യമ പ്രവര്‍ത്തകനായി ജോലി ചെയ്തിരുന്ന താന്‍ എന്ത് കൊണ്ട് സിനിമയിലേക്ക് തന്നെ എത്തപ്പെട്ടു എന്നതിന്റെ അനുഭവം വിവരിക്കുകയാണ് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി. ഒരു മാഗസിനു നല്‍കിയ അഭിമുഖത്തിലായിരുന്നു തന്റെ ആദ്യ സിനിമയായ രസികനെക്കുറിച്ചും പിന്നീട് വലിയ ഒരു ഇടവേള കഴിഞ്ഞു തിരിച്ചെത്തിയ ബ്ലെസ്സിയുടെ ഭ്രമരം എന്ന ചിത്രത്തെക്കുറിച്ചും മുരളി ഗോപി മനസ്സ് തുറന്നത്.

“2004-ല്‍ ഹിന്ദു ദിനപത്രത്തില്‍ ജേണലിസ്റ്റായിരുന്ന കാലത്താണ് ലാല്‍ ജോസിന്റെ ‘രസികന്‍’ സിനിമയുടെ തിരക്കഥയെഴുതുന്നത്. അതില്‍ കാള ഭാസ്കരനായി അഭിനയിക്കുന്നത്. നാട്ടിന്‍ പുറത്തെ ഗുണ്ടയായി തുടങ്ങണോ എന്നായിരുന്നു ലാലുവിന്റെ സംശയം. സുന്ദരന്‍ കഥാപാത്രമായി തുടക്കം എന്ന പതിവ് ബ്രേക്ക് ചെയ്യാനുള്ള കുസൃതിയായിരുന്നു എന്റെ മോഹത്തിന് പിന്നില്‍. രസികന് ശേഷം ഗള്‍ഫ് പത്രത്തില്‍ സ്പോര്‍ട്സ് എഡിറ്ററായി പോയി. അമേരിക്കന്‍ ബോക്സര്‍ ജോര്‍ജ്ജ് ഫോര്‍മാന്‍, ടെന്നീസ് താരം മരിയ ഷറപ്പോവ തുടങ്ങിയവരെയൊക്കെ ആ കാലത്ത് ഇന്റര്‍വ്യൂ ചെയ്യാന്‍ സാധിച്ചു.മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ രാജ്യാന്തര എക്സ്പോഷര്‍ ലഭിച്ചത് അക്കാലത്താണ്. പിന്നീട് എംഎസ്എനില്‍ എന്റര്‍ടെയ്ന്‍മെന്‍റ് എഡിറ്ററായി നാട്ടിലേക്ക് മടങ്ങി. പിന്നെ ബ്ലെസ്സിയേട്ടന്‍ ഭ്രമരത്തിലെ കഥാപാത്രമാകാന്‍ വിളിച്ചപ്പോഴും ” സിനിമ ഇനി വേണ്ട” എന്നാണ് മറുപടി പറഞ്ഞത്. നേരില്‍ കാണാന്‍ വന്ന ബ്ലെസ്സിയേട്ടന്‍ മൂന്ന്‍ മണിക്കൂര്‍ ഉപദേശിച്ചു. ‘നീ സിനിമയില്‍ നിന്ന് മാറി നില്‍ക്കേണ്ടയാളല്ല’ എന്ന അദ്ദേഹത്തിന്റെ വാദത്തിനു മുന്നില്‍ എനിക്ക് മറുപടി ഇല്ലായിരുന്നു അങ്ങനെ അഞ്ചു വര്‍ഷത്തെ ഇടവേള അവസാനിച്ചു”. മുരളി ഗോപി പറയുന്നു.

Share
Leave a Comment