പുറത്തിറങ്ങുന്ന ഓരോ സിനിമകളും സസൂക്ഷ്മം കീറിമുറിച്ച് വിലയിരുത്തുന്ന ഒരു കാലമാണിത്. ഓരോ സീനും ഓരോ ഷോട്ടും സിനിമയുടെ സംവിധായകൻ പോലും ശ്രദ്ധിക്കാതെ വിട്ടു പോയ ചില ചെറിയ ചെറിയ കാര്യങ്ങൾ പോലും ചിലർ കുത്തിപ്പൊക്കി കൊണ്ടു വരുമ്പോഴാണ് എത്രമാത്രം ശ്രദ്ധയോടെയാണ് ഇവർ സിനിമകൾ വീക്ഷിക്കുന്നത് എന്ന് നമുക്ക് ഓരോരുത്തർക്കും മനസിലാക്കാൻ കഴിയുന്നത്. അത്തരത്തിൽ മലയാളത്തിന്റെ സൂപ്പർ സ്റ്റാറുകളുടെ പഴയ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലെ പോരായ്മ കാണിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.
മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും മെഗാഹിറ്റ് ചിത്രങ്ങളായ ആഗസ്റ്റ് 1, ഇരുപതാം നൂറ്റാണ്ട് എന്നീ സിനിമകളിലെ ക്ളൈമാക്സ് രംഗങ്ങളിൽ ജൂനിയർ ആർട്ടിസ്റ്റായി നിൽക്കുന്ന പോലീസുകാരുടെ വേഷങ്ങളാണ് ശ്രദ്ധിക്കപ്പെട്ടത്.
എയർപോർട്ടിലേക്ക് ജനാർദ്ദനൻ കടന്നുവരുമ്പോൾ ഇരുവശവും നിൽക്കുന്ന പൊലീസുകാരിൽ ഒരാൾ സ്ലിപ്പർ ചെരുപ്പാണ് ഇട്ടത്. ഇത് ഫ്രെയിമിൽ കാണുകയും ചെയ്യാം. ആഗസ്റ്റ് 1 ന്റെ ക്ളൈമാക്സിൽ മമ്മൂട്ടി ബുള്ളറ്റിൽ വന്നിറങ്ങുമ്പോൾ കാക്കി ഷർട്ടിന്റെ മുകളിലെ ബട്ടൻസ് തുറന്നിട്ട് അലക്ഷ്യമായി നിൽക്കുന്ന പൊലീസുകാരനെയും ചിലർ കണ്ടെത്തി. ഇതെല്ലം സംവിധായകന്റെ പിഴവുകളാണെന്നാണ് കണ്ടെത്തൽ. എന്നാൽ ഇതിനെല്ലാം ഒരു മറുവശം കൂടിയുണ്ട് എന്നതാണ് സത്യം. ഇപ്പോഴിതാ തന്റെ സിനിമയിലുണ്ടായ പിഴവിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ സിബി മലയിൽ. ദ ക്യുവിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്.
മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ഓഗസ്റ്റ് ഒന്നിന്റെ പിന്നാമ്പുറ കാഴ്ചകളെക്കുറിച്ച് സിബി മലയിൽ വ്യക്തമാക്കുകയാണ്. ഒരു സിനിമ ചെയ്യുവാൻ ആവശ്യമായ മിനിമം സാങ്കേതിക പിന്തുണ പോലും നിർമ്മാതാവിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വില കുറഞ്ഞ ക്യാമറയായിരുന്നു ഉപയോഗിച്ചത്. മറ്റ് സാങ്കേതിക സംവിധാനങ്ങൾ, ആർട്ട് ഡയറക്ഷൻ തുടങ്ങിയവയിൽ ഒന്നും നിർമ്മാതാവിന്റെ സഹകരണമുണ്ടായിരുന്നില്ലെന്ന് സിബി മലയിൽ വ്യക്തമാക്കി.
”ഒരു പ്രൊഡ്യൂസറുടെ ഭാഗത്തു നിന്നും കിട്ടേണ്ട ടെക്‌നിക്കൽ സപ്പോർട്ട് ലഭിച്ചിരുന്നില്ല. ഒരു സിനിമയ്ക്ക് ആവശ്യമായ മിനിമം കാര്യങ്ങളിൽ പോലും, അതായത് ക്യാമറ, ആർട് ഡയറക്ഷൻ ഇതൊന്നും നിർമാതാവിന്റെ ഭാഗത്ത് നിന്നും ലഭിച്ചിരുന്നില്ല. ആ സിനിമയുടെ ക്ളൈമാക്സ് ഒരു ദിവസം കൊണ്ട് മൂന്നു ക്യാമറയിലാണ് ഷൂട്ട് ചെയ്തത്. യാതൊരു അനുഭവസമ്പത്തുമില്ലാത്ത ക്യാമറ അസ്സിസ്റ്റന്റുമാരായിരുന്നു ക്യാമറ ചെയ്തത്. പിന്നെ ഏറ്റവും വില കുറഞ്ഞ ക്യാമറയായിരുന്നു ഉപയോഗിച്ചത്. ഫിലിം തീർന്നുപോയ ഘട്ടത്തിൽ നിർമ്മാതാവിനോട് പറഞ്ഞപ്പോൾ 250 അടി ഷൂട്ട് ചെയ്യാൻ പറ്റുന്ന ഫിലിം തന്നു. അത് ഓവർ എക്സ്പോസ്ഡ് ആയ ഫിലിം ആയിരുന്നു. അതും തീർന്നപ്പോൾ അദ്ദേഹത്തിന്റെ അലമാരയിൽ നിന്നും ഈസ്റ്റ്മാന്റെ ഫിലിം കൊണ്ട് ഷൂട്ട് ചെയ്തു. ഇങ്ങനെ പല രീതിയിലുള്ള പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടാണ് ഈ സിനിമ ചെയ്തത്”.
Post Your Comments