
വമ്പൻ താരനിരയുമായി തമിഴ് സിനിമാലോകം ആന്തോളജി ചിത്രവുമായി എത്തുന്നു. മണിരത്നവും ജയേന്ദ്ര പഞ്ചപകേശനും ചേർന്നു നിർമിക്കുന്ന ചിത്രത്തിന് ‘നവരസ’ എന്നാണ് പേര് നൽകിയിരിക്കുന്നത്. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേഷകരിലേക്കെത്തുന്നത്. കോവിഡ് കാലത്തു തളർന്നുപോയ സിനിമാ മേഖലയുടെ പ്രതിസന്ധിക്ക് ഉണർവ് വരുത്തുവാനാണ് നവരസ എത്തുന്നത്. പ്രതിഫലം വാങ്ങാതെയാണ് ഏവരും ചിത്രത്തിൽ അഭിനയിക്കുന്നത്.
കാക്ക കാക്കയ്ക്കും വാരണം ആയിരത്തിനും ശേഷം സൂര്യയും ഗൗതം വാസുദേവ് മോനോനും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 9 എപ്പിസോഡുകളടങ്ങിയ ആന്തോളജി ചിത്രത്തിൽ പ്രശസ്ത സംവിധായകർ – അഭിനയ പ്രതിഭകൾ അണിനിരക്കും.
സൂര്യ, രേവതി, സിദ്ദാർഥ്, പാർവതി തിരുവോത്ത്, വിജയ് സേതുപതി, പ്രകാശ് രാജ്, ഐശ്വര്യ രാജേഷ്, അരവിന്ദ് സ്വാമി, പ്രസന്ന, ബോബി സിംഹ, പൂർണ, ശരവണൻ, അശോക് സെൽവൻ, ഗൗതം കാർത്തിക്, നിത്യ മേനോൻ, വിക്രന്ത് തുടങ്ങിയ താരനിര തന്നെ ആന്തോളജിയിലുണ്ട്. സംവിധാനം ചെയ്യുന്നതാകട്ടെ ഗൗതം വാസുദേവ് മേനോൻ, കെ.വി.ആനന്ദ്, കാർത്തിക് സുബ്ബരാജ്, ബിജോയ് നമ്പ്യാർ, ഹലിത ഷമീം, കാർത്തിക് നരേൻ, രതീന്ദ്രൻ ആർ പ്രസാദ്, പൊൻറാം എന്നിവരും.
ഛായാഗ്രഹണം സന്തോഷ് ശിവൻ, ബാലസുബ്രഹ്മണ്യം, മനോജ് പരമഹംസ, അഭിനന്ദൻ രാമാനുജൻ, ശ്രേയസ് കൃഷ്ണ, ഹർഷ്‌വീർ ഒബ്റോയ്, സുജിത് സാരംഗ്, വി.ബാബു, വിരാജ് സിങ് എന്നിവരാണ്.
മണിരത്നത്തിന്റെ ആദ്യ ഒടിടി ചിത്രമാണു നവരസ. കോവിഡ് കാലത്ത് ജോലിയില്ലാതെ വലഞ്ഞ സിനിമാ പ്രവർത്തകർക്കും തമിഴ് സിനിമാ ലോകത്തിനും കരുത്തുപകരാനായി തങ്ങൾക്ക് എന്തുചെയ്യാനാകുമെന്ന ചർച്ചയിൽ നിന്നാണു ചിത്രത്തിനായുള്ള ആശയം ലഭിച്ചതെന്നും നെറ്റ്ഫ്ലിക്സ് അതിൽ പങ്കാളികളായി എത്തിയതിൽ സന്തോഷമുണ്ടെന്നും മണിരത്നം പറഞ്ഞു.
ചിത്രത്തിന്റെ നിർമാണ ചെലവഴിച്ചു വരുന്ന ലാഭം ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യക്കു നൽകാനാണു തീരുമാനം. ജസ്റ്റിക്കറ്റ്സിന്റെ ബാനറിൽ, എപി ഇന്റർ നാഷനൽ, വൈഡ് ആങ്കിൾ ക്രിയേഷൻസ് എന്നിവർ ചേർന്നാണു നിർമിക്കുക. സിനിമയുടെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
Post Your Comments