സ്ഥാനാർഥി മോഹം വെടിഞ്ഞ് കർമ്മ മേഖലയിലേക്ക് മടങ്ങി പ്രസിദ്ധ സംവിധായകൻ രഞ്ജിത്ത്. ഫഹദ് ഫാസിലിന് ഒപ്പമുള്ള പുതിയ സിനിമയുടെ പണിപ്പുരയിലേക്ക് കടക്കുകയാണ് രഞ്ജിത്ത്.
പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ ഭക്ഷണം മോഷ്ടിച്ചതിനു ജനകീയ വിചാരണ നടത്തി നാട്ടുകാർ മർദ്ദിച്ചുകൊന്ന മധുവിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. മധുവായി ഫഹദ് ഫാസിൽ എത്തും. ആദ്യമായാണ് ഫഹദ് ഫാസിൽ രഞ്ജിത്ത് സിനിമയിൽ നായകനാകുന്നത്. ചിത്രത്തിന്റെ ആദ്യ ഘട്ട ചർച്ച പൂർത്തിയായതായി സംവിധായകൻ രഞ്ജിത്ത് പറഞ്ഞു.
ഇലക്ഷന് മത്സരിക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം തന്റേതായിരുന്നില്ലെന്നും, സി.പി.എമ്മിലെ ഒരു മുതിർന്ന നേതാവ് തന്നെ വീട്ടിൽ വന്നു കണ്ട് ആവശ്യം അറിയിക്കുകയായിരുന്നു വെന്നും രഞ്ജിത്ത് പറഞ്ഞു. കോഴിക്കോട് നോർത്തിൽ എ. പ്രദീപ് കുമാർ മൂന്നുവട്ടം പൂർത്തിയാക്കിയതിനാൽ ഒരു പുതുമുഖത്തെ തേടുകയാണെന്നും നിങ്ങളാണ് മനസിലെന്നും അയാൾ പറഞ്ഞു. പ്രദീപ്കുമാറിന് ഇളവു നൽകണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നതാണെന്നും, എന്നാൽ പാർട്ടി തീരുമാനം അങ്ങിനെയാണെന്ന് പറഞ്ഞതിനാലാണ് നോക്കാം എന്നു പറഞ്ഞത്-രഞ്ജിത്ത് വെളിപ്പെടുത്തി. പിന്നീടുണ്ടായ സംഭവവികാസങ്ങളിൽ വിഷമമില്ലെന്നും പുതിയ സിനിമയുമായി മുന്നോട്ടുപോകുമെന്നും രഞ്ജിത്ത് പറഞ്ഞു.
Post Your Comments