സിദ്ധിഖ് ലാല്‍ ടീമിന്റെ ആദ്യ ചിത്രമായ ‘റാംജിറാവ് സ്പീക്കിങ്ങ്’ എന്ന സിനിമയില്‍ മാന്നാര്‍ മാത്തായിയുടെ റോള്‍ ചെയ്യാന്‍ ഇന്നസെന്റ് എന്ന നടന് നേരിട്ട പ്രതികൂല സാഹചര്യത്തിന്റെ കഥ ഒരു ടിവി ചാനലിനു നല്കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ് ആ സിനിമയില്‍ വളരെ പ്രാധാന്യമേറിയ റോള്‍ ചെയ്ത നടന് മുകേഷ്.
“മാന്നാര്‍ മത്തായി എന്ന റോള്‍ ഇന്നസെന്റ് ചേട്ടന് ചെയ്താല്‍ മാത്രമേ നന്നാവുള്ളൂ എന്ന് എനിക്ക് തോന്നി. പക്ഷേ ഇന്നസെന്റ് ചേട്ടന് മറ്റു സിനിമകളുടെ തിരക്ക് കാരണം സിദ്ധിഖ്- ലാലിന്റെ സിനിമയ്ക്ക് ഡേറ്റ് കൊടുത്തില്ല. ഇന്നസെന്റ് ചേട്ടന് പകരം മറ്റൊരു നടനെ വയ്ക്കാന്‍ അവര്‍ തീരുമാനിക്കുകയും ചെയ്തു, ആ നടന് യോജ്യമായ രീതിയില്‍ സീനുകളും മാറ്റി എഴുതി തുടങ്ങി. അങ്ങനെയാണ് ഞാന്‍ ഒരു പരിപാടിക്കിടെ ഇന്നസെന്റ് ചേട്ടനെ കാണുന്നത് . അങ്ങനെയൊരു സിനിമ വിട്ടു കളഞ്ഞത് എന്താ എന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ ഇന്നസെന്റ് ചേട്ടന് പറഞ്ഞത് മറ്റു സിനിമകള്‍ക്ക് താന്‍ ഡേറ്റ് കൊടുത്തു പോയതിനാല്‍ സിദ്ധിഖ് ലാല്‍ സിനിമ സ്വീകരിക്കാന്‍ കഴിഞ്ഞില്ലെന്നാണ്. ചേട്ടന് ഇപ്പോള്‍ ചെയ്യാന്‍ പോകുന്ന സിനിമയിലെ വേഷം എന്താണ് എന്ന് ഞാന്‍ ചോദിച്ചു. അതൊരു ഡ്രൈവറുടെ വേഷമാണെന്ന് പറഞ്ഞു. കോമഡി നടന്മാരെ സിനിമയില്‍ ഡ്രൈവറായി ഉപയോഗിക്കുന്ന ട്രാക്ക് എന്താണെന്ന് ഞാന്‍ കൃത്യമായി പറഞ്ഞപ്പോള്‍ ഇന്നസെന്റ് ചേട്ടന് പറഞ്ഞത്, അത് പോലെയുള്ള വേഷം തന്നെയാണെന്നാണ്. അപ്പോള്‍ ഞാന്‍ പറഞ്ഞു എന്നാല്‍ സിദ്ധിഖ് ലാലിന്റെ സിനിമയില്‍ ചേട്ടനെ വിളിച്ചിരിക്കുന്നത് അത്തരത്തിലൊരു വേഷം ചെയ്യാനല്ല. ഇതുവരെ ചെയ്തതില്‍ ഇന്നസെന്റ് എന്ന നടന് അറിയപ്പെടാന്‍ പോകുന്നത് ഇനി ഈ ഒരു കഥാപാത്രത്തിലൂടെയായിരിക്കും എന്ന് പറഞ്ഞപ്പോള്‍ അവിടെ വച്ച് ഇന്നസെന്റ് ചേട്ടന് സിദ്ധിഖ് ലാലിന്റെ സിനിമയില്‍ അഭിനയിക്കാന്‍ താന്‍ റെഡിയാണെന്ന് പറഞ്ഞു. അങ്ങനെ എന്റെ മുന്നില്‍ വച്ച് തന്നെ ആ സിനിമയുടെ നിര്‍മ്മാതാവായ സംവിധായകന് ഫാസിലിനെ വിളിച്ചു ഇന്നസെന്റ് ‘മാന്നാര്‍ മത്തായി’ ആകാന്‍ ഒക്കെ ആണെന്ന് അറിയിച്ചു”.
Post Your Comments