ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ് ജിയോ ബേബി സംവിധാനം ചെയ്ത ”ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ”. സോഷ്യൽ മീഡിയയിലും മറ്റുമായി നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്ന സിനിമ ഇപ്പോഴും ചർച്ചയ്ക്കിടയാകുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ രാഷ്ട്രീയം കാരണം പല പ്രമുഖ ചാനലുകളും സംപ്രേഷണം നിരസിച്ചെന്നുവെന്ന് പറയുകയാണ് ജിയോ ബേബി. സിനിമ ഹിറ്റാക്കിയത് ഇവിടുത്തെ പെണ്ണുങ്ങളാണെന്നും ജിയോ ബേബി പറയുന്നു.
പല ടി.വി ചാനലുകളിലേയും പ്രോഗ്രാം തലപ്പത്ത് ഉള്ള സ്ത്രീകൾ സിനിമ നന്നായിട്ടുണ്ടെന്ന് പറഞ്ഞെങ്കിലും അവര്‍ സിനിമക്കനുകൂലമായി സംസാരിച്ചാല്‍ സിനിമ എടുക്കില്ലെന്ന് പറഞ്ഞതായും മാധ്യമ മേഖലയിലെ സ്ത്രീ വിവേചനമാണ് ഇത് കാണിക്കുന്നതെന്നും ജിയോ ബേബി പറഞ്ഞു.
ഈ സിനിമ ടിവിയിൽ കാണിക്കാൻ പറ്റില്ല. പാത്രം കഴുകുമ്പോൾ പരസ്യം ഇട്ടാൽ പരസ്യം കഴിഞ്ഞു വരുമ്പോഴും വീണ്ടും പാത്രം കഴുകൽ ആണ് എന്നാണ്. മാത്രമല്ല സിനിമയുടെ തിരക്കഥ തന്നെ പ്രശ്നം ആണെന്നാണ്. ഇനി സിനിമ ചെയ്യുമ്പോൾ തിരക്കഥ നേരത്തെ കൊണ്ട് കാണിച്ചാൽ തിരുത്തലുകൾ പറയാമെന്ന് പറഞ്ഞതായും ജിയോ ബേബി പറഞ്ഞു. വമ്പന്‍ ഞങ്ങളാണ് അവസാനം എന്നു കരുതി തലപ്പത്തിരുന്നു തീരുമാനങ്ങൾ എടുക്കുന്ന ആൺ ബോധ്യങ്ങളെയും ഇവിടുത്തെ കൊലകൊമ്പൻ കോർപറേറ്റുകളുടെ മൂഢ ചിന്തകളെയുമാണ് സിനിമ ഹിറ്റായതിലൂടെ മാറ്റിമറിച്ചതെന്നും സംവിധായകന്‍ പറഞ്ഞു.
ജിയോ ബേബിയുടെ ഫേസ്ബുക്ക് കുറിപ്പ്:
മഹത്തായ പ്രേക്ഷകർ…
പ്രമുഖ ചാനലുകൾ നിരസിച്ച സിനിമ..അവർക്കു പേടിയാണ് പോലും ഈ സിനിമയുടെ രാഷ്ട്രീയം..സിനിമ കണ്ടിട്ട് വളരെ നന്നായിട്ടുണ്ട് എന്ന് ടി.വി ചാനലിലെ പ്രോഗ്രാം തലപ്പത്ത് ഉള്ള സ്ത്രീകൾ പറഞ്ഞു. അപ്പോൾ അവരോടു ഞാൻ ചോദിച്ചു എന്നാൽ നിങ്ങൾക്ക് ഒന്നു കാര്യമായി സംസാരിച്ചുകൂടേ ഈ സിനിമക്ക് വേണ്ടി..ഞങ്ങൾ പെണ്ണുങ്ങൾ പറഞ്ഞാൽ ആ കാരണം കൊണ്ട് തന്നെ നടക്കില്ല എന്നായിരുന്നു മറുപടി. സ്ത്രീ വിവേചനത്തിന്‍റെ മീഡിയ ഇടങ്ങൾ. ഒരു ചാനൽ തലവൻ നിർമ്മാതാവ് @jomonspics നോട്പറഞ്ഞത്, ഈ സിനിമ ടീവിയിൽ കാണിക്കാൻ പറ്റില്ല എന്നാണ്, പാത്രം കഴുകുമ്പോൾ പരസ്യം ഇട്ടാൽ പരസ്യം കഴിഞ്ഞു വരുംമ്പോളും വീണ്ടും പാത്രം കഴുകൽ ആണ് എന്നാണ്. മാത്രമല്ല സിനിമയുടെ തിരക്കഥ തന്നെ പ്രശ്നം ആണെന്നാണ്.
ഇനി സിനിമ ചെയ്യുമ്പോൾ തിരക്കഥ നേരത്തെ കൊണ്ട് കാണിച്ചാൽ തിരുത്തലുകൾ പറയാമെന്നും പറഞ്ഞു. വമ്പൻ ഒ.ടി.ടികൾ സിനിമ കണ്ടും കാണാതെയും ഒക്കെ നിരസിക്കുന്നു. ഇനി എന്തു ചെയ്യും എന്ന് വിചാരിച്ചു തളർന്നുപോയ ദിവസങ്ങൾ. ഒടുവിൽ ഞങ്ങളുടെ അന്വേഷണം Neestream ൽ എത്തുന്നു അവർ കട്ടക്ക് കൂടെ കൂടുന്നു. സിനിമ നിങ്ങളിലേക്ക്. ബാക്കി ഒക്കെ ചെയ്തത് നിങ്ങളാണ് പ്രത്യേകിച്ച് പെണ്ണുങ്ങളാണ്. നിങ്ങൾ മാറ്റി മറിച്ചിട്ടത് ഇവിടുത്തെ കൊലകൊമ്പൻ കോർപറേറ്റുകളുടെ മൂഢ ചിന്തകളെ ആണ്. ഞങ്ങളാണ് അവസാനം എന്നു കരുതി തലപ്പത്തിരുന്നു തീരുമാനങ്ങൾ എടുക്കുന്ന ആൺ ബോധ്യങ്ങളേ ആണ്.
സിനിമ വേണ്ട എന്നു പറഞ്ഞവർ അപേക്ഷയുടെ സ്വരമായി പിന്നാലെ വരുന്ന മനോഹരമായ കാഴ്ച ഞങ്ങൾക്ക് സമ്മാനിച്ചത് നിങ്ങൾ ആണ്. ലോക മാധ്യമങ്ങൾ സിനിമയെ വാഴ്‌ത്തി. തമിഴ് തെലുങ്കു റീമേക്ക് അവകാശങ്ങൾ വിറ്റു. ഹിന്ദിയുടെ സംസാരങ്ങൾ നടക്കുന്നു. കേവലം ഒരു നന്ദി പറച്ചിലിൽ നിങ്ങളോടുള്ള കടപ്പാട് തീർക്കാൻ ആവില്ല ഞങ്ങൾക്ക്. കടങ്ങളേ തീർക്കാൻ ആവൂ കടപ്പാടുകൾ ബാക്കി ആണ്. പ്രേക്ഷകരെ നിങ്ങൾ ആണ് മഹത്തായവർ.
Post Your Comments