ഹിന്ദി ബിഗ് ബോസിലൂടെ ഏവർക്കും സുപരിചിതയായ താരമാണ് രാഖി സാവന്ദ്. ഷോയുടെ 14 സീസണിന്റെയും ഭാഗമായതോടെ വീണ്ടും വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ് നടി. കഴിഞ്ഞ ദിവസമാണ് തന്റെ ജീവിതകഥ സിനിമയാക്കാൻ പ്രശസ്ത തിരക്കഥാകൃത്തും ഗാനരചയിതാവുമായ ജാവേദ് അക്തർ താത്പര്യം പ്രകടിപ്പിച്ചതായി രാഖി സാവന്ത് പറഞ്ഞത്. ഇന്ത്യ ഡോട്ട് ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു രാഖി സാവന്ത് ഇക്കാര്യം തുറന്നു പറഞ്ഞത്.
ഇപ്പോഴിതാ രാഖി പറഞ്ഞ കാര്യങ്ങൾ സത്യമാണെന്ന് ജാവേദ് അക്തറും സമ്മതിച്ചിരിക്കുകയാണ്. നാലോ അഞ്ചോ വർഷങ്ങൾക്ക് മുമ്പ് വിമാനയാത്രക്കിടയിൽ രാഖി സാവന്തിനെ കണ്ടിരുന്നു. അന്ന് സ്വന്തം ബാല്യകാലത്തെ കുറിച്ചുള്ള രാഖിയുടെ കഥ കേട്ട് എന്നെങ്കിലും ഒരിക്കൽ അവരുടെ ജീവിതം താൻ തിരക്കഥയാക്കുമെന്ന് പറഞ്ഞിരുന്നതായി ജാവേദ് അക്തർ പറയുന്നു.
എഴുപതുകളിലേയും എൺപതുകളിലേയും നിരവധി ബോളിവുഡ് ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്താണ് ജാവേദ് അക്തർ. ഉറുദു കവി, ചലച്ചിത്ര ഗാനരചയിതാവ് എന്നീ നിലകളിലും പ്രശസ്തനാണ്. 1999 ൽ പത്മശ്രീയും അഖ്തർ പുരസ്കാരവും നൽകി രാജ്യം ആദരിച്ച കവിയാണ് ജാവേദ് അക്തർ. 2007-ൽ പത്മഭൂഷണും ലഭിച്ചു. നടി ശബാനാ ആസ്മിയാണ് ഭാര്യ.
കഴിഞ്ഞ ദിവസമാണ് രാഖി സുപ്രധാന വെളിപ്പെടുത്തൽ നടത്തിയത്. ജാവേദ് അക്തർ തന്റെ ജീവിതകഥ സിനിമയാക്കാൻ ഒരിക്കൽ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഒരു വർഷം മുമ്പ് കോവിഡിനും മുമ്പ് തനിക്ക് ജാവേദ് അക്തറിൽ നിന്നും ഒരു ഫോൺ കോൾ വന്നു. തന്റെ ബയോപിക് എഴുതാൻ താത്പര്യമുണ്ടെന്നും നേരിട്ട് കാണണമെന്നുമായിരുന്നു ആവശ്യപ്പെട്ടത്. പക്ഷേ, എന്നാൽ എനിക്കദ്ദേഹത്തെ കാണാൻ സാധിച്ചില്ല. അവർക്ക് എന്റെ ജീവിതകഥ സിനിമയാക്കാൻ താത്പര്യമുണ്ട്. എന്നാൽ ഈ രാജ്യത്തെ ജനങ്ങൾക്ക് അത് കാണാൻ താത്പര്യമുണ്ടായിരിക്കുമോ എന്നും തനിക്കറിയില്ലെന്നും രാഖി സാവന്ത് പറഞ്ഞു.
“ആരെയായിരിക്കും കാസ്റ്റ് ചെയ്യുക എന്ന് തനിക്കറിയില്ല, ഞാൻ തന്നെയായിരിക്കുമോ അഭിനയിക്കുക, അതല്ലെങ്കിൽ ആലിയയോ പ്രിയങ്കയോ ആകുമോ എന്ന് അറിയില്ല.” രാഖി സാവന്ദ് പറയുന്നു. തന്റെ കഥ പറയുന്ന സിനിമയിൽ സ്വയം അഭിനയിക്കാൻ താത്പര്യമുണ്ട്. അതല്ലെങ്കിൽ ആലിയയ്ക്ക് ആ വേഷം ചെയ്യാം. ദീപിക പദുകോൺ, കരീന കപൂർ, അങ്ങനെ ഏതെങ്കിലും മികച്ച നടിമാരിൽ ആരെങ്കിലും വേഷമിട്ടാലും മതി. ഇവരെല്ലാം മികച്ച നടിമാരും തനിക്ക് ഏറെ ഇഷ്ടപ്പെട്ടവരുമാണെന്നും രാഖി സാവന്ദ് പറഞ്ഞു.
Post Your Comments