സുഡാനി ഫ്രം നൈജീരിയ, ഹലാല്‍ ലവ് സ്റ്റോറി എന്നെ ചിത്രങ്ങൾക്ക് ശേഷം സംവിധായകന് സക്കരിയ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളികളുടെ പ്രിയതാരം മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകും. അടുത്ത വര്‍ഷമാണ് സിനിമയുടെ ചിത്രീകരണം തുടങ്ങുന്നത്. മമ്മൂട്ടിയോടൊപ്പം മലയാളത്തിലെ പ്രമുഖ താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുമെന്ന് സക്കരിയ പറഞ്ഞു.
ഒരു സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് സക്കരിയ പുതിയ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ചത്. ചിത്രത്തിന്റെ പേര് നിർണ്ണയിച്ചിട്ടില്ല. ചിത്രത്തില്‍ സുഡാനി ഫ്രം നൈജീരിയ ടീമില്‍ നിന്നുള്ള പ്രമുഖര്‍ ഭാഗമാകുമെന്നാണ് ലഭ്യമായ വിവരം.
ആദ്യമായി നിര്‍മാണം നിര്‍വ്വഹിക്കുന്ന മോമോ ഇന്‍ ദുബായ് എന്ന സിനിമയുടെ തിരക്കുകളില്‍ ദുബൈയിലാണ് സക്കരിയയിപ്പോൾ. അനീഷ് ജി. മേനോന്, അനുസിത്താര, അജു വർഗീസ്, ഹരീഷ് കണാരന് എന്നിവരാണ് മോമൊ ഇൻ ദുബായ് സിനിമയിലെ പ്രധാന താരങ്ങള്‍. നവാഗതനായ അമീന് അസ്ലം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനും ഗാനരചയിതാവുമായ മുഹ്സിന് പരാരിയാണ് വരികള്‍ എഴുതുന്നത്. ചിത്രം തിയറ്റര്‍ റിലീസ് ആയി തന്നെ പുറത്തിറങ്ങുമെന്ന് സക്കരിയ അറിയിച്ചു. ഈ സിനിമക്ക് ശേഷം കുഞ്ചാക്കോ ബോബൻ നായകനാകുന്ന ചിത്രവും പദ്ധതിയിലുണ്ടെന്നും സക്കരിയ പറഞ്ഞു.
Post Your Comments