കാലികപ്രസക്തമായ വിഷയം ചർച്ച ചെയ്യുന്ന സിനിമയാണ് സിദ്ധാർഥ് ശിവ സംവിധാനം ചെയ്യുന്ന വർത്തമാനം എന്ന ചിത്രം. ചിത്രത്തിൽ പ്രേക്ഷകരുടെ ഇഷ്ട ഗായിക മഞ്ജരിയും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിലേക്ക് എത്തിയതിനെക്കുറിച്ച് പറയുകയാണ് മഞ്ജരി. അപ്രതീക്ഷിതമായി ലഭിച്ച അവസരമാണെന്നും, റഫീക്ക് അഹമ്മദിന്റെ രചനയിൽ രമേശ് നാരായണൻ സംഗീതം നൽകിയ മനോഹരമായ മെലഡി പാടാനാണ് വിളിപ്പിച്ചതെന്നും മഞ്ജരി പറയുന്നു.
‘പാട്ട് സീനിൽ മഞ്ജരി തന്നെ അഭിനയിക്കുന്നതായിരിക്കും നല്ലതെന്ന് സിദ്ദുവേട്ടൻ പറഞ്ഞു . ഷൗക്കത്ത് സാറും പ്രോത്സാഹിപ്പിച്ചു.’ അങ്ങനെ താൻ ആ വേഷം ചെയ്യുകയായിരുന്നു, മഞ്ജരി പറയുന്നു.
‘ജയസൂര്യ നായകനായ വി.കെ. പ്രകാശ് സംവിധാനം ചെയ്ത പോസിറ്റീവ് എന്ന സിനിമയിലാണ് ആദ്യം അഭിനയിക്കുന്നത്. ചിത്രത്തിലെ പാട്ട് പാടി കുറച്ചു ദിവസത്തിനുശേഷം വി.കെ.പി സാർ വിളിച്ചു. സ്റ്റുഡിയോയിൽ ഗാനം ആലപിക്കുന്നത് സിനിമയിൽ ഉൾപ്പെടുത്താനാണ് തീരുമാനം എന്നറിയിച്ചപ്പോൾ ആദ്യം ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. എന്റെ ജീവിതവഴി മറ്റൊന്നാണല്ലോ. എന്നാൽ ഒറ്റയ്ക്കല്ലെന്നും വേണുഗോപാൽ ഒപ്പം ഉണ്ടെന്നും പറഞ്ഞു. അതു കേട്ടപ്പോൾ ആശ്വാസമായി. അപ്പോൾ അത് സംഗീതം കൂടിയാണ്. മനോഹരമായി വി.കെ.പി സാർ ചിത്രീകരിക്കുകയും ചെയ്തു.’ മഞ്ജരി പറയുന്നു.
നല്ല അവസരം ലഭിച്ചാൽ അഭിനയിക്കുമെന്നും, എല്ലാം ദൈവനിശ്ചയമായി കരുതുന്ന ആളാണ് താനെന്നും ഗായിക പറഞ്ഞു. അവസരം നിയോഗം പോലെ വന്നു ചേരുകയാണ്, നല്ലതു മാത്രമേ തേടിവരുകയുള്ളൂ എന്ന് വിശ്വസിക്കുന്നു. സംഗീതമായാലും അഭിനയമായാലും അങ്ങനെയാണ് എല്ലാത്തിനെയും സ്വീകരിക്കുകഎന്നും ഒരു സ്വകാര്യ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മഞ്ജരി പറഞ്ഞു.
Post Your Comments