CinemaMollywoodNEWSWOODs

‘മണിച്ചേട്ടൻ എന്നെ രണ്ടാം ജന്മത്തിലേക്ക് കൈപിടിച്ച് നടത്തി’ : പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ

നടൻ കലാഭവൻ മണി വിടവാങ്ങി അഞ്ചാണ്ട് പിന്നിടുന്നു. ഈ ഓർമദിനത്തിൽ മണിയെക്കുറിച്ച് ഫേസ്ബുക്കിൽ ഓർമ്മക്കുറിപ്പ് പങ്കുവയ്ക്കുകയാണ് പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ. തന്റെ രണ്ടാം ജന്മത്തിലേക്ക് കൈപിടിച്ചുയർത്തിയ മണിയെക്കുറിച്ചാണ് ബാദുഷ കുറിക്കുന്നത്.

ബാദുഷയുടെ ഫേസ്ബുക് കുറിപ്പ്

മണിച്ചേട്ടനുമായുള്ള പരിചയം ആരംഭിക്കുന്നത് മാണിക്യൻ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ്. എന്നാൽ കൂടുതൽ അടുക്കുന്നത് ഹരിദാസ് സംവിധാനം ചെയ്ത ഇന്ദ്രജിത്ത് എന്ന സിനിമയ്ക്കിടെയാണ്. ഒരു വലിയ ബന്ധം അവിടെ തുടങ്ങി. 30 ദിവസത്തോളം നീണ്ടുനിന്ന ഷൂട്ടിനിടെ ഞങ്ങൾ വളരെ അടുത്തു.

അങ്ങനെ ആ സിനിമയുടെ പാക്കപ്പ് ദിവസമെത്തി. അന്ന് മണിച്ചേട്ടൻ എന്നോട് ചോദിച്ചു. എന്താണ് നിൻ്റെ അടുത്ത പരിപാടി എന്ന്. അന്ന് അധികം സിനിമയൊന്നും എനിക്ക് ഉണ്ടായിരുന്നില്ല. ഞാൻ പറഞ്ഞു, അടുത്ത സിനിമ നോക്കണം എന്ന്. അപ്പോൾ ചേട്ടൻ ചോദിച്ചു. അടുത്ത എൻ്റെ സിനിമ നീ വർക്ക് ചെയ്യാൻ വരുന്നോ? മണിച്ചേട്ടൻ എപ്പോൾ വിളിച്ചാലും ഞാൻ റെഡി എന്ന മറുപടിയും പറഞ്ഞു. അടുത്തത് ഞാൻ ചെയ്യുന്ന സിനിമ പ്രമോദ് പപ്പൻ്റെ ഏബ്രഹാം ലിങ്കൺ ആണ്. നീ അതിൽ സഹകരക്കണം. ആ സിനിമയുടെ കൺട്രോളർ ശ്യാം ആണ്. ശ്യാമിനെ വിളിച്ചു ഞാൻ പറയാം എന്ന് മണിച്ചേട്ടൻ പറഞ്ഞു.

അങ്ങനെ ഷൂട്ട് ഒക്കെ കഴിഞ്ഞ് വീട്ടിലേക്ക് പോരുകയാണ്. ബസിലാണ് യാത്ര. അപ്പോൾ ദേ മണിച്ചേട്ടൻ വിളിക്കുന്നു. എടാ, ഞാൻ ശ്യാമിനോട് പറഞ്ഞിട്ടുണ്ട്. നീ ശ്യാമിനെ വിളിച്ചോ.. അങ്ങനെ ഞാൻ ശ്യാമേട്ടനെ വിളിച്ചു. തൊട്ടടുത്ത ദിവസം തന്നെ തൃശൂരിൽ മണിച്ചേട്ടൻ്റെ സെറ്റിലെത്തി.
സത്യത്തിൽ ഇത് എനിക്കൊരു രണ്ടാം ജന്മമായിരുന്നു. കാര്യമായി സിനിമകളൊന്നുമില്ലാതിരുന്ന സമയത്ത് ‘ഇന്ദ്രജിത്ത് ‘ ലഭിച്ചു. അവിടെ നിന്ന് മണിച്ചേട്ടൻ്റെ താത്പര്യ പ്രകാരം ഈ സിനിമ.

സത്യത്തിൽ ആ സിനിമയ്ക്കു ശേഷം എനിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ആ സിനിമയ്ക്കു ശേഷം ധാരാളം സിനിമകൾ മണിച്ചേട്ടനൊപ്പം വർക്ക് ചെയ്തു. അവയോരോന്നും മറക്കാനാവാത്ത നിരവധി മുഹൂർത്തങ്ങൾ സമ്മാനിച്ചു. ചിലപ്പോൾ അദ്ദേഹം വിളിക്കും, ചാലക്കുടിക്ക് ചെല്ലാൻ പറയും. അപ്പോൾ ഓടി അവിടെയെത്തും. അദ്ദേഹത്തിൻ്റെ പാഡിയിൽ കുറെ നേരം ഇരുന്ന് സംസാരിക്കും.
അങ്ങനെയങ്ങനെ എത്രയോ കുടിക്കാഴ്ചകൾ അനുഭവങ്ങൾ…

അഞ്ചു വർഷം മുൻപ് പുലർച്ചെ ഒരു ഫോൺ കോൾ “എടാ മണിച്ചേട്ടൻ അമൃത ഹോസ്പിറ്റലിലാണ് ‘ കേട്ട ഉടനെ ഞാൻ ഓടി അവിടെയെത്തി. എന്നാൽ അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. ഒരിക്കലും താങ്ങാൻ പറ്റാത്ത വാർത്തയായിരുന്നു അത്, മണി ചേട്ടൻ നമ്മെ വിട്ടുപോയി… എൻ്റെ ഓർമകളിൽ മണിച്ചേട്ടൻ ഏറ്റവും ജ്വലിക്കുന്ന ഓർമയാണ്. എന്നെ രണ്ടാം ജന്മത്തിലേക്ക് കൈപിടിച്ച് നടത്തി.
5 വർഷമായിരിക്കുന്നു മണിച്ചേട്ടൻ പോയിട്ട്. ഒരു പാട് ചിരികൾ തന്ന്, ഒരു പാട് ചിന്തകൾ തന്ന്, സ്നേഹിച്ച് കടന്നു പോയ ആ നല്ല മനുഷ്യന് എൻ്റെ ബാഷ്പാഞ്ജലികൾ..

shortlink

Related Articles

Post Your Comments


Back to top button