സിനിമയിലെ ഓരോ ചെറിയ പോരായ്മകൾ പോലും കണ്ടെത്തി സോഷ്യൽ മീഡിയയിലൂടെ വിമർശിക്കുകയും ചൂണ്ടിക്കാട്ടുകയും ചെയ്യുന്നത് ഇന്ന് ഒരു സ്ഥിരം കാഴ്ചയാണ്. സിനിമയുടെ സംവിധായകൻ പോലും ശ്രദ്ധിക്കാതെ വിട്ടു പോയ ചില ചെറിയ ചെറിയ കാര്യങ്ങൾ പോലും കണ്ടെത്തി അതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കാറുണ്ട് ചിലർ. ഇപ്പോഴിതാ അത്തരത്തിൽ മലയാളത്തിന്റെ സൂപ്പർ സ്റ്റാറുകളുടെ പഴയ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലെ പോരായ്മ കാണിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്.
മമ്മൂട്ടിയുടെ മെഗാഹിറ്റ് ചിത്രം ‘ആഗസ്റ്റ് 1’, മോഹൻലാലിന്‍റെ ‘ഇരുപതാം നൂറ്റാണ്ട്’ എന്നീ രണ്ട് ചിത്രങ്ങളിലെ ചെറിയ പിഴവുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഈ രണ്ടു സിനിമകളിലും പോലീസുകാരാണ് വിഷയമായിരിക്കുന്നത്. സിനിമയിൽ പൊലീസുകാരായെത്തുന്ന ജൂനിയർ ആർടിസ്റ്റുകളുടെ വേഷമാണ് വീഡിയോയിൽ എടുത്ത് കാണിക്കുന്നത്.
മോഹൻലാലിൻറെ ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തിന്‍റെ ക്ലൈമാക്സ് രംഗത്ത് ജനാർദ്ദനൻ എയർപോർട്ടിലേക്ക് വരുമ്പോൾ ഇരുവശവും പൊലീസുകാര്‍ നിൽക്കുന്നത് കാണാം. ഇതിലൊരാൾ ധരിച്ചിരിക്കുന്നത് സ്ലിപ്പറാണ്. ‘എന്നാലും ഇത്രയും ദാരിദ്ര്യം പിടിച്ച പോലീസ് കാണുമോ’ എന്ന് ചോദിച്ചു കൊണ്ടാണ് പലരും ഈ ചിത്രം പങ്കുവയ്ക്കുന്നത്.
മമ്മൂട്ടി ചിത്രമായ ആഗസ്റ്റ് ഒന്നിലും ഇത് പോലെ തന്നെ ഒരു പിഴവാണ് കണ്ടെത്തിയിരിക്കുന്നത്. ക്ലൈമാക്സിൽ മമ്മൂട്ടി ബുള്ളറ്റിൽ വന്നിറങ്ങുമ്പോൾ കാക്കി ഷർട്ടിന്റെ മുകളിലെ ബട്ടൻസ് തുറന്നിട്ട് അലക്ഷ്യമായി നിൽക്കുന്ന പൊലീസുകാരനെയാണ് ആളുകൾ കണ്ടെത്തിയിരിക്കുന്നത്.
വർഷങ്ങൾക്ക് മുമ്പുള്ള സിനിമകൾ വരെ സൂഷ്മമായി നിരീക്ഷിച്ച് ഇത്തരം കണ്ടെത്തലുകളുമായെത്തുന്നവരെ സോഷ്യൽ മീഡിയ കയ്യടിച്ച് തന്നെയാണ് സ്വീകരിക്കുന്നത്.
Post Your Comments