ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹൻലാൽ നായകനായെത്തിയ ‘ദൃശ്യം 2’ മികച്ച പ്രതികരണങ്ങളുമായി ഇന്ത്യയൊട്ടാകെ ചര്‍ച്ചയാവുകയാണ്. ദൃശ്യം റീമേക്ക് ചെയ്തതുപോലെ രണ്ടാം ഭാഗവും റീമേക്ക് ചെയ്യാനൊരുങ്ങുകയാണ് മറ്റു അന്യഭാഷാ സിനിമ മേഖലകൾ. സോഷ്യൽ മീഡിയയിൽ വലിയ ഒരു ചർച്ചയ്ക്കാണ് ദൃശ്യം 2വഴിയൊരുക്കിയിരിക്കുന്നത്. സിനിമയെ വിമർശിച്ചും അനുകൂലിച്ചും നിരവധി കുറിപ്പുകളും കമന്റുകളും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്.
ഇപ്പോഴിതാ സിനിമയിൽ അഭിനയിക്കാൻ ഏറെ പ്രയാസം തോന്നിയ രംഗത്തെക്കുറിച്ച് തുറന്നു പറയുകയാണ് മോഹൻലാൽ. ലോക പ്രസിദ്ധമായ ഐ.എം.ഡി.ബി ഡാറ്റബേസിന് നല്കിയ അഭിമുഖത്തിലാണ് ലാല്‍ ഈ സീനിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്.
സിനിമയിൽ ബോഡി പൊലീസ് സ്റ്റേഷനിലാണോ കുഴിച്ചിട്ടതെന്ന് ചോദിച്ച് ഒരാള്‍ വന്ന് ചോദിക്കുന്ന സീനാണ് അതെന്ന് മോഹന്‍ലാല്‍ പറയുന്നു. അത് വളരെ ബുദ്ധിമുട്ടുള്ള രംഗമായിരുന്നു. കാരണം ജോര്‍ജ്കുട്ടിക്ക് സാഹചര്യങ്ങളോടൊന്നും പെട്ടെന്ന് പ്രതികരിക്കുവാന്‍ പറ്റാത്ത അവസ്ഥയാണ്. ഏതെങ്കിലും വിധേനെയുള്ള ഭാവ വ്യത്യാസവും ജോര്‍ജ്കുട്ടി പിടിക്കപ്പെടാൻ കാരണമാകും. അതുകൊണ്ടു തന്നെ റിയല്‍ ഇമോഷന്‍സിനെ ഉള്ളില്‍ ഒതുക്കി മറ്റേതെങ്കിലും ഒരു ഇമോഷന് മുഖത്ത് കൊണ്ടുവരണം. ആ സമയത്ത് കണ്ണുകള്‍ ചിമ്മിക്കൊണ്ട് ജോര്‍ജ്കുട്ടി അയാളോട് പോകാനാണ് പറയുന്നത്, മോഹൻലാൽ പറഞ്ഞു.
ജീത്തു ജോസഫ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ മീനയാണ് നായിക. സിദ്ദിഖ്, ആശാ ശരത്, മുരളി ഗോപി, അൻസിബ, എസ്തർ, സായികുമാർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘ദൃശ്യം 2’ നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്. ആമസോൺ പ്രൈമിലൂടെ ഫെബ്രുവരി 19 നാണ് ചിത്രം റിലീസ് ചെയ്തത്.
Post Your Comments