തിരശീലയിൽ മാത്രമല്ല, യഥാർത്ഥ ജീവിതത്തിലും സാഹസികനാണ് തമിഴ് നടൻ അജിത്. കാർ റേസിംഗ്, ബൈക്ക് റേസിംഗ് എന്നിങ്ങനെ എല്ലാത്തിലും തരാം മുൻപിലാണ്. ഇപ്പോൾ റെെഫിൾ ഷൂട്ടിങ് ചാംപ്യൻഷിപ്പിലും തിളങ്ങി തമിഴകത്തിന്റെ സ്വന്തം ‘തല’. നാൽപ്പതാമത് തമിഴ്നാട് സ്റ്റേറ്റ് ഷൂട്ടിങ് ചാംപ്യൻഷിപ്പിലാണ് നടൻ അജിത്തിന്റെ മുന്നേറ്റം. താരം അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചു. നടന്റെ മുന്നേറ്റത്തിൽ ആരാധകരെല്ലാം ആവേശത്തിലാണ്. റെെഫിൾ ഷൂട്ടിങ്ങിൽ മികച്ച പ്രകടനം നടത്തിയ താരത്തെ സോഷ്യൽ മീഡിയയിൽ ആരാധകർ വാനോളം പുകഴ്ത്തുകയാണ്.
ചെന്നെെയിൽ നടക്കുന്ന ഷൂട്ടിങ് ചാംപ്യൻഷിപ്പിലാണ് അജിത് പങ്കെടുക്കുന്നത്. മറ്റ് സിനിമ തിരക്കുകളെല്ലാം മാറ്റിവച്ചാണ് തനിക്ക് ഏറെ പ്രിയപ്പെട്ട റെെഫിൾ ഷൂട്ടിങ് ചാംപ്യൻഷിപ്പിനായി അജിത് സമയം മാറ്റിവച്ചിരിക്കുന്നത്.
ചെന്നെെയിലെ റെെഫിൾ ക്ലബിൽ അജിത് പരിശീലനം നടത്തുന്ന ചിത്രങ്ങളും വീഡിയോയും നേരത്തെ പുറത്തുവന്നിരുന്നു. നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ ഈ ചിത്രങ്ങൾ ഷെയർ ചെയ്തത്.
ഷൂട്ടിങ്ങിനു പുറമേ മറ്റ് ഇഷ്ട വിനോദങ്ങൾക്കായും അജിത് സമയം നീക്കിവയ്ക്കാറുണ്ട്. ബോണി കപൂർ നിർമിച്ച് എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘വലിമെെ’യുടെ ഷൂട്ടിങ് കോവിഡ് പ്രതിസന്ധി കാരണം നീണ്ടുപോയതോടെയാണ് അജിത് റെെഫിൾ ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ മത്സരിക്കാൻ തീരുമാനിച്ചതെന്നാണ് ലഭ്യമായ വിവരം. വിദേശത്താണ് ചിത്രത്തിന്റെ ഇനിയുള്ള ഷൂട്ടിങ് തീരുമാനിച്ചിരിക്കുന്നത്.
Post Your Comments