പാർവതിയുടെ ‘വർത്തമാനം’ റിലീസിൽ മാറ്റമില്ല

പാർവതി തിരുവോത്ത് നായികയാകുന്ന വർത്തമാനം മാർച്ച് 12ന് തന്നെ പ്രദർശനത്തിനെത്തും. സംസ്ഥാനത്ത് സെക്കൻഷോ അനുവദിക്കാത്തതിനാൽ പല സിനിമകളുടെയും റിലീസ് തീയതി മാറ്റിവച്ചിരുന്നു. എന്നാൽ വർത്തമാനം പ്രഖ്യാപിച്ച തീയതിയിൽ തന്നെ പ്രദർശനത്തിനെത്തുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വ്യക്തമാക്കി. സിദ്ധാർത്ഥ ശിവ സംവിധാനം ചെയ്യുന്ന ചിത്രം സമകാലിക ഇന്ത്യൻ സമൂഹം നേരിടുന്ന രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങളാണ് വ്യക്തമാക്കുന്നത്.

ഡൽഹിയിലെ ഒരു യൂണിവേഴ്സിറ്റിയിൽ സ്വാതന്ത്ര്യ സമരസേനാനി മുഹമ്മദ് അബ്ദുൽ റഹ്മാനെ കുറിച്ച് ഗവേഷണം നടത്തുവാൻ എത്തിയ ഫൈസാ സൂഫിയ എന്ന ഗവേഷക വിദ്യാർഥി നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് ചിത്രത്തിന് പ്രമേയം. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബെൻസി നാസറും ആര്യാടൻ ഷൗക്കത്തും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഴകപ്പൻ ഛായാഗ്രഹണവും റഫീഖ് അഹമ്മദും വിശാൽ ജോൺസണും ചേർന്ന് ഗാനരചനയും നിർവഹിക്കുന്നു. ബിജിപാൽ ആണ് പശ്ചാത്തലസംഗീതം നൽകുന്നത്.

Share
Leave a Comment