‘പാപ്പൻ’, എബ്രഹാം മാത്യു മാത്തനായി സുരേഷ് ​ഗോപി ; ചിത്രീകരണം ആരംഭിച്ചു

സുരേഷ് ഗോപിയും ജോഷിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പാപ്പൻ

സുരേഷ് ഗോപിയും ജോഷിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പാപ്പൻ. എബ്രഹാം മാത്യു മാത്തൻ എന്ന കഥാപാത്രമായാണ് സുരേഷ് ​ഗോപി ചിത്രത്തിലെത്തുന്നത്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. പൂജയും സ്വിച്ച് ഓൺ കർമ്മവും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് പള്ളിയിൽ വച്ചു നടന്നു. നിർമാതാക്കളിലൊരാളായ ഷരീഫ് മുഹമ്മദ് ആദ്യ സീനിന് ക്ലാപ് അടിച്ചു. ഫാദർ ബോബി അലക്സ്‌ മണ്ണപ്ലാക്കൽ സ്വിച്ച് ഓൺ ചെയ്തു. ഗോകുൽ സുരേഷ്, കനിഹ, നീത പിള്ള, നിർമാതാക്കളായ ഡേവിഡ് കാച്ചപ്പിള്ളി, അരുൺ ഘോഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷി ഒരുക്കുന്ന പാപ്പൻ സുരേഷ്ഗോപിയുടെ കരിയറിലെ 252-ാമത്തെ ചിത്രംകൂടിയാണ്.’സലാം കാശ്‍മീരി’നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രം ഒരു ക്രൈം ത്രില്ലര്‍ ആണ്. മാത്യൂസ് പാപ്പന്‍റെ മകളും ഐപിഎസ് ഉദ്യോഗസ്ഥയുമായി നീത പിള്ളയാണ് എത്തുന്നത്. പാപ്പന്‍റെ ഭാര്യയായി എത്തുന്നത് നൈല ഉഷയാണ്. ഗോകുല്‍ സുരേഷും ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അച്ഛനും മകനും ഒരുമിച്ച് അഭിനയിക്കുന്നത് ആദ്യമായാണ്.

ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരും കഥാപാത്രങ്ങളായെത്തുന്നു. റേഡിയോ ജോക്കിയും തിരക്കഥാകൃത്തുമായ ആര്‍ജെ ഷാനിന്‍റേതാണ് രചന. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി. എഡിറ്റിംഗ് ശ്യാം ശശിധരന്‍. സംഗീതം ജേക്സ് ബിജോയ്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഡേവിഡ് കാച്ചപ്പിള്ളി ചിത്രം നിര്‍മ്മിക്കുന്നു.

ആഘോഷ് സിനിമാസും ചാന്ദ് വി മൂവീസും ചേര്‍ന്ന് ചിത്രം പ്രദര്‍ശനത്തിനെത്തിക്കും.

Share
Leave a Comment