BollywoodGeneralLatest NewsNEWS

സുശാന്ത് സിങ് രജ്പുത്തിന്റെ മരണം ; കുറ്റപത്രം സമർപ്പിച്ചു, റിയ ചക്രബർത്തി അടക്കം 35 പേർ

ദീപിക പദുകോൺ, സാറ അലി ഖാൻ, ശ്രദ്ധ കപൂർ, രാകുൽ പ്രീത് സിങ് എന്നിവരേയും എൻസിബി ചോദ്യം ചെയ്തിരുന്നു

ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള ലഹരി മരുന്ന് കേസിൽ നാർകോടിക്സ് ബ്യൂറോ കുറ്റപത്രം സമർപ്പിച്ചു. സുശാന്ത് സിങ്ങിന്റെ കാമുകിയായിരുന്ന റിയ ചക്രബർത്തി, സഹോദരൻ ഷോവിക് ചക്രബർത്തി എന്നിവരടക്കം പ്പത്തിയഞ്ചു പേരാണ് കുറ്റപത്രത്തിൽ ഉള്ളത്. സുശാന്തിന്റെ മുൻ മാനേജർ സാമുവൽ മിരാൻഡ, സഹായി ദീപേഷ് സാവന്ത് എന്നിവരുടെ പേരും കുറ്റപത്രത്തിലുണ്ട്. എൻസിബിയുടെ മുംബൈ സോണൽ ഡയറക്ടർ സമീർ വാങ്കഡേയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

ലഹരിമരുന്ന് കേസിൽ ആരോപണ വിധേയനായ അനുജ് കേശ്വാനി, രണ്ട് കോളേജ് വിദ്യാർത്ഥികൾ, നടൻ അർജുൻ രാംപാലിന്റെ കാമുകിയുടെ സഹോദരനായ അഗിസിലോസ് ദിമിത്രിയാദ്സ് എന്നിവരാണ് കുറ്റപത്രത്തിൽ ഉൾപ്പെട്ട മറ്റു ചിലര്‍. ലഹരിമരുന്ന് കേസിൽ നേരത്തേ അറസ്റ്റിലായ ധർമ പ്രൊഡക്ഷൻസ് മുൻ എക്സിക്യൂട്ടീവ് ക്ഷിതിജ് രവി പ്രസാദും കുറ്റപത്രത്തിലുണ്ട്.

സെപ്റ്റംബർ 27 മുതൽ ഒക്ടോബർ മൂന്ന് വരെ എൻസിബി കസ്റ്റഡിയിലായിരുന്ന ക്ഷിതിജിനെ ഒക്ടോബർ 6 വരെ കോടതി ജയിലിലേക്ക് അയച്ചിരുന്നു. ബോളിവുഡ് താരങ്ങളായ റൺബീർ കപൂർ, അർജുൻ രാംപാൽ, ദിനോ മൊറിയ എന്നിവരുടെ പേര് പറയാൻ ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തിയതായി ക്ഷിതിജ് കോടതിയിൽ ആരോപിച്ചിരുന്നു. നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിൽ ഏറ്റവും കൂടുതൽ ആരോപണങ്ങൾ നേരിട്ടതും ജയിലിൽ കഴിയേണ്ടി വന്നതും കാമുകി റിയ ചക്രബർത്തിക്കായിരുന്നു. ലഹരിമരുന്ന് കേസിൽ ജയിലിൽ കഴിഞ്ഞ റിയയ്ക്ക് ഒക്ടോബർ ഏഴിനാണ് ജാമ്യം ലഭിച്ചത്. കേസിൽ അറസ്റ്റിലായ റിയയുടെ സഹോദരൻ ഷോവിക്കിന് മൂന്ന് മാസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്.

കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരങ്ങളായ ദീപിക പദുകോൺ, സാറ അലി ഖാൻ, ശ്രദ്ധ കപൂർ, രാകുൽ പ്രീത് സിങ് എന്നിവരേയും എൻസിബി ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ വർഷം ജൂൺ 14നാണ് ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിനെ മുംബൈയിലെ ബാന്ദ്രയിലുള്ള വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button