മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരുടെ അമ്മ ഗിരിജ മാധവൻ കഥകളിയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. പെരുവനം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷത്തോടനുബന്ധിച്ചു നടക്കുന്ന കല്യാണ സൗഗന്ധികം കഥകളിയിൽ പാഞ്ചാലിയായാണ് ഗിരിജയുടെ അരങ്ങേറ്റം. 2 വർഷമായി കലാനിലയം ഗോപിയുടെ കീഴിൽ കഥകളി അഭ്യസിച്ചു വരികയായിരുന്നു ഗിരിജ.
കോവിഡ് കാലത്ത് 6 മാസം ഓൺലൈനായാണു കഥകളി അഭ്യസിച്ചത്. വർഷങ്ങളായി മോഹിനിയാട്ടവും ഇവർ പഠിക്കുന്നുണ്ട്. അരങ്ങേറ്റം കാണാൻ മഞ്ജുവും വേദിയിലുണ്ടാവണമെന്നാണ് ഗിരിജയുടെ ആഗ്രഹം. എന്നാൽ ഷൂട്ടിങ് തിരക്കുകളിലായ മഞ്ജുവിന് അന്നെത്താനാവുമോയെന്ന് സംശയമുണ്ടെന്നും അവർ കൂട്ടിച്ചേർക്കുന്നു. അമ്മ ഏറ്റവും സന്തോഷമായിരിക്കുന്ന കാര്യങ്ങൾ ചെയ്യൂവെന്ന് നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്ന മഞ്ജുവാണ് തന്റെ പ്രചോദനമെന്നും ഗിരിജ മാധവൻ പറയുന്നു.
“എന്നെ എപ്പോഴും അത്ഭുതപ്പെടുത്തുന്ന, ജീവിതത്തിൽ എന്തെങ്കിലും പുതിയതായി തുടങ്ങാൻ ഇനിയും വൈകിയിട്ടില്ലെന്ന് ഓർമ്മപ്പെടുത്തുന്ന സ്ത്രീ,” എന്നാണ് അമ്മയുടെ പിറന്നാൾ ദിനത്തിൽ മഞ്ജു പങ്കുവച്ച കുറിപ്പിൽ വിശേഷിപ്പിച്ചത്. എഴുത്തിലേക്ക് തിരികെയെത്തിയ അമ്മയെ ഓർത്ത് അഭിമാനമുണ്ടെന്നും മഞ്ജു അന്ന് പറഞ്ഞിരുന്നു.
Post Your Comments