ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് നടി തപ്സി പന്നു എന്നിവരുടെ വസതികളിൽ കഴിഞ്ഞ ദിവസം നടന്ന റെയ്ഡിൽ നിന്നും കോടികളുടെ ക്രമക്കേട് കണ്ടെത്തിയതായി ആദായ നികുതി വകുപ്പ്. തപ്സി പന്നുവിന്റെ വീട്ടിൽ നിന്നും അഞ്ച് കോടി അടച്ചതിന്റെ റസീപ്റ്റും അനുരാഗ് കശ്യപിന്റെ പ്രൊഡക്ഷൻ കമ്പനിയായിരുന്ന ഫാന്റം ഫിലിംസിൽ നിന്നും മുന്നൂറ് കോടി രൂപയുടെ ക്രമക്കേടുമാണ് കണ്ടെത്തിയിരിക്കുന്നതെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. അതേസമയം ഇരുവരും ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല.
മുംബൈയിലും പൂനെയിലുമായി മുപ്പതോളം ഇടങ്ങളിലാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ബുധനാഴ്ച പരിശോധനകള്‍ നടത്തിയത്. തപ്സി പന്നുവിന്റെ വീടും ഓഫീസും, അനുരാഗ് കശ്യപിന്റെ വീട്, അദ്ദേഹത്തിന്റെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന ഫാന്റം ഫിലിംസിന്റെ ഓഫീസ് എന്നിവിടങ്ങളില്‍ അടക്കമായിരുന്നു പരിശോധന.
2018ല്‍ പൂട്ടിയ ഫാന്റം ഫിലിംസ് നികുതി വെട്ടിപ്പ് നടത്തി എന്ന ആരോപണത്തിലാണ് ആദായ നികുതി വകുപ്പ് അന്വേഷണം നടത്തുന്നത്. ബോക്സ് ഓഫീസ് കളക്ഷനുമായി താരതമ്യം ചെയ്യുമ്പോള്‍ യഥാര്‍ത്ഥ വരുമാനം മറച്ച് വെച്ചതായും ആദായ നികുതി വകുപ്പ് ആരോപിക്കുന്നു. പരിശോധനയില്‍ കണ്ടെത്തിയ 300 കോടിയുടെ ക്രമക്കേട് സംബന്ധിച്ച് കൃത്യമായ വിശദീകരണം നല്കാന് കമ്പനിക്ക് സാധിച്ചില്ലെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നു.
2011ല്‍ അനുരാഗ് കശ്യപ്, വിക്രമാദിത്യ മോട്വാനി, മധു മന്‍ടേന, വികാസ് ഭാല്‍ എന്നിവര്‍ ചേര്‍ന്നാണ് ഫാന്റം നിര്‍മ്മാണ കമ്പനിക്ക് തുടക്കമിട്ടത്. വികാസ് ബഹലിനെതിരെ ലൈംഗികാതിക്രമണ പരാതി വന്നതിന് പിന്നാലെ കമ്പനി പിരിച്ചുവിട്ടിരുന്നു. ഫാന്റം ഫിലിംസ് നിര്‍മ്മിച്ച മന്‍മാര്‍സിയാനില്‍ തപ്സി പന്നു അഭിനയിച്ചിരുന്നു. ബോളിവുഡില്‍ പല പ്രധാന പ്രൊജക്ടുകളും ഫാന്റം ഫിലിംസ് നിര്‍മ്മിച്ചിരുന്നു. 2011 മുതല്‍ 2018 വരെയായിരുന്നു ഫാന്റം ഫിലിംസിന്റെ പ്രവര്‍ത്തനം.
Post Your Comments