മോഹൻലാലിന്റെ ദൃശ്യം 2 മികച്ച പ്രതികരണങ്ങൾ നേടിക്കൊണ്ട് മുന്നേറുകയാണ്. സിനിമ യെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ ഇപ്പോഴും സജീവമാണ്. അതുകൊണ്ടു തന്നെ പ്രേക്ഷകരുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്ക് ആമസോൺ പ്രൈമിന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ മറുപടി നൽകിയിരിക്കുകയാണ് നടൻ മോഹൻലാലും സംവിധായകൻ ജീത്തു ജോസഫും. പ്രേഷകരുടെ രസകരമായ ചോദ്യങ്ങൾക്ക് എല്ലാം കൃത്യമായ മറുപടിയാണ് ഇരുവരും നൽകിയിരിക്കുന്നത്.
പൂർണമായും ദൃശ്യം 2 ലോജിക്കലായ സിനിമയല്ലെന്നു ജീത്തു ജോസഫ് പറയുന്നു. മുഴുവനായി ലോജിക്കൽ അല്ലെങ്കിലും അടിസ്ഥാനപരമായി ചിത്രം ലോജിക്കൽ ആണെന്നും അദ്ദേഹം വ്യക്തമാക്കി. ചിത്രത്തിന്റെ ക്ലൈമാക്സിനെക്കുറിച്ചായിരുന്നു മോഹന്‍ലാലിനോടുള്ള ഒരു ചോദ്യം.‘ക്ലൈമാക്സ് കേട്ടപ്പോൾ ജോർജുകുട്ടി മിടുക്കനാണെന്നു തോന്നി. പക്ഷേ അതെങ്ങനെ അവതരിപ്പിക്കും എന്നതിലാണല്ലോ കാര്യം. പക്ഷേ ക്ലൈമാക്സ് വെൽ ക്രാഫ്റ്റടായിരുന്നു. പിന്നെ ഈ രഹസ്യം എങ്ങനെ സൂക്ഷിക്കുമെന്നത് വെല്ലുവിളിയായിരുന്നു. ചിത്രത്തിൽ അഭനിയിച്ച പലർക്കും ക്ലൈമാക്സ് അറിയില്ലായിരുന്നു. ഞാൻ നായകനായതു കൊണ്ടു മാത്രമാണ് ജീത്തു എന്നോട് അത് പറഞ്ഞത്.
സിനിമയിലെ ഏറ്റവും ഇഷ്ടപ്പെട്ട ട്വിസ്റ്റ് ഏതാണെന്ന ചോദ്യത്തിന് കോടതി രംഗമാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതെന്നായിരുന്നു ജീത്തുവിന്റെ മറുപടി. ‘ജഡ്ജിയുടെ പ്രതികരണമാണ് എനിക്ക് ഇഷ്ടപ്പെട്ടത്. പക്ഷേ ബുക്കിന്റെ കാര്യം പറഞ്ഞപ്പോഴാണ് പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടതെന്നാണ് പലരും എന്നോടു പറഞ്ഞത്’ ജീത്തു പറഞ്ഞു.
എന്നാൽ ജോര്‍ജുകുട്ടി എല്ലാം പറയാമെന്ന് മുരളി ഗോപിയുടെ കഥാപാത്രത്തോട് സമ്മതിക്കുന്നു. ആള്ക്കാര് വിചാരിക്കുന്നു എല്ലാം പറയാൻ പോകുകയാണ് എന്ന്. പക്ഷേ വേറെ കഥയാണ് പറയുന്നത്. അത് ആണ് എനിക്ക് വലിയ ട്വിസ്റ്റ് ആയി തോന്നിയത്. അതില്‍ നിന്നാണ് മറ്റ് ട്വിസ്റ്റുകള്‍ ഉണ്ടായത്, ഇതാണ് എനിക്ക് ഇഷ്ടപെട്ട ട്വിസ്റ്റ് എന്ന് മോഹൻലാലും വ്യക്തമാക്കി.
Post Your Comments