മലയാളത്തിന്റെ പ്രിയ കഥാകാരി മാധവിക്കുട്ടിയെക്കുറിച്ചുള്ള അപൂര്‍വ്വ സുന്ദര എഴുത്തുമായി പ്രശസ്ത തിരക്കഥാകൃത്ത് ഹരികൃഷ്ണന്‍ കോര്‍ണതത്. തന്റെ ഫേസ്ബുക്ക് പേജിലാണ് വേറിട്ട എഴുത്തുമായി ഹരികൃഷ്ണന്‍ മലയാളത്തിന്റെ പ്രിയകഥാകാരിയെ സ്മരിച്ചത്.
ഹരികൃഷ്ണന്‍ കോര്‍ണത്ത് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ്
പൈതൃകം എന്നൊക്കെ പറയുന്നതു വെറും ജനിതകസാധ്യതയാണെന്ന് ഉറപ്പിച്ചുതോന്നുന്നതുകൊണ്ട് അതിൽ അഭിമാനിക്കാനോ വീമ്പുപറയാനോ എന്തെങ്കിലുമുണ്ടെന്ന് ഒരു കാലത്തും തോന്നിയിട്ടില്ല.
ശാസ്ത്രം പഠിക്കാൻ മാത്രമല്ല, ജീവിതത്തിലെടുക്കാനുംകൂടി ഉള്ളതാണെന്നു തോന്നിയതുകൊണ്ടാവണം ഭൗതികതയാണ് സമസ്തകാര്യങ്ങളുടെയും ആധാരശിലയെന്നും വിശ്വസിക്കുന്നു.
പറഞ്ഞുവരുന്നത് അതേക്കുറിച്ചല്ല; വേരുകളെക്കുറിച്ചാണ്.
പക്ഷേ, പറഞ്ഞുനടക്കാനുള്ളതല്ലല്ലോ ആ വേരുകൾ.
പറയാറില്ലെങ്കിലും അതിലൊരാൾ പക്ഷേ, എനിക്കേറെ പ്രിയപ്പെട്ടയാൾ.
അവർ ജീവിച്ച കാലത്തു ജീവിക്കാനായതും
അവർ ശ്വസിക്കുന്ന ഒാക്സിജനുള്ള അതേ മുറിയിൽ ഇരിക്കാനായതും
അവർ നടന്ന വഴികളിലൂടെ നടക്കാനായതും
അവരെന്റെ ബന്ധുവെന്ന് എന്റെ മോൾക്കുപോലും പറയാനായതും
എനിക്കിത് എഴുതാനായതുമൊക്കെ എന്തൊരു ഭാഗ്യം!
മാധവിക്കുട്ടിയുമായി എന്റെ അച്ഛൻവഴിയാണ് ബന്ധുത്വം.
( മാധവിക്കുട്ടി : അതെ. ഒരു സംശയവുമില്ലാതെ ആർക്കും പേരുതന്നെ വിളിക്കാവുന്ന ജനാധിപത്യമാണ് സർഗാത്മകതയുടെ ഒരു മുദ്ര. എന്റെ മുത്തച്ഛന്റെ പ്രായമുള്ള മഹാകവി പി. കുഞ്ഞിരാമൻ നായരെ ഇപ്പോൾ കാണുകയാണെങ്കിൽ, ‘ നമസ്കാരം, പി’ എന്നു വിളിക്കാനുള്ള സ്വാതന്ത്ര്യം ആ ക്രിയേറ്റീവ് സ്പേസ് അനുവദിച്ചുതരുന്നു!)
പുന്നയൂർക്കുളവും നാലപ്പാട്ടും അങ്ങനെ എന്റെ കൂടിയായി.
അവർക്കു നല്ല സൗഹൃദമുണ്ടായിരുന്ന ബന്ധു എന്ന നിലയ്ക്കല്ല ഞാൻ അച്ഛനെ കാണുന്നത്; അവരെ ആദ്യം സിനിമ കാണിച്ച ആളെന്ന നിലയ്ക്കാണ്.
( എന്റെ അച്ഛന് പുന്നയൂർക്കുളത്ത് ഒരു സിനിമാശാല ഉണ്ടായിരുന്നു പണ്ട്. കനോലിക്കനാൽ വഴി കോഴിക്കോട്ടുനിന്നോ മറ്റോ സിനിമാപ്പെട്ടികളെത്തിയിരുന്ന , ഞാൻ കാണാത്ത എന്റെ സിനിമാ പാരഡൈസോ ! അവിടെയാണ് ആമിയോപ്പുവിനും സുവർണ ചേച്ചിക്കുമൊക്കെ എന്റെ അച്ഛൻ അവരുടെ ആദ്യസിനിമ കാണിച്ചുകൊടുത്തത്)
പ്രിയപ്പെട്ട സുവർണ ചേച്ചി ( ഡോ. സുവർണ നാലപ്പാട്ട്) അതേക്കുറിച്ചൊക്കെ എഴുതിയിട്ടുണ്ട്, ആത്മകഥാപരമായ ‘പാഥേയം’ എന്ന പുസ്തകത്തിൽ.
അവസാനം കണ്ടപ്പോൾ ആമിയോപ്പു എന്നോടു പറഞ്ഞു: കുട്ടിക്ക് അച്ഛന്റെ എന്തൊരു ഛായ!
ദൂരനഗരത്തിലെ ആ ഫ്ളാറ്റിലിരുന്നു കണ്ട ആ ഛായ അന്നേരം അവരെ പുന്നയൂർക്കുളത്തേക്കും കുട്ടിക്കാലത്തേക്കും കൊണ്ടുപോയിരിക്കണം , ചിലപ്പോൾ.
ഛായ: എത്ര മധുരഗന്ധിയായ പദം!
Post Your Comments