ഒ .മാധവന്റെയും എസ് .എൽ പുരം സദാനന്ദന്റെയും ചെറുമക്കൾ സിനിമാരംഗത്തേക്ക് ചുവടുവെയ്ക്കുന്നു. ‘ഫുട് പ്രിന്റ്സ് ഓൺ വാട്ടർ’ എന്ന ബ്രിട്ടീഷ് ഇന്റർനാഷണൽ സിനിമയിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. ഒ .മാധവന്റെ ചെറുമകളും മുകേഷിന്റെ അനന്തരവളുമായ നഥാലിയ ശ്യാം സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് എസ് .എൽ പുരത്തിന്റെ ചെറുമകളും സിനിമ സീരിയൽ താരവും തിരക്കഥാകൃത്തുമായ വൈ .എസ് ജയസോമയുടെ മകളുമായ ജയഭദ്ര അഭിനയ രംഗത്തേക്ക് ചുവടുവയ്ക്കുന്നത്.
നഥാലിയ ശ്യാമിന്റെ സഹോദരി നീത ശ്യാമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിമിഷ സജയനും ലെനയും ബോളിവുഡ് താരം ആദിൽ ഹുസൈനും അഭിനയിക്കുന്ന ചിത്രത്തിൽ നിമിഷയുടെ കസിൻ സിസ്റ്ററുടെ വേഷത്തിലാണ് ജയഭദ്ര എത്തുന്നത്. ചിത്രത്തിന്റെ ഭൂരിഭാഗം രംഗങ്ങളും ലണ്ടലിനായിരുന്നു ചിത്രീകരിച്ചത്.
ജയഭദ്രയുടെ വാക്കുകൾ
‘’ അഭിനയിക്കാനാണ് ചെറുപ്പം മുതലുള്ള ആഗ്രഹം. ഞാൻ സിനിമ കുടുംബത്തിലുള്ള ഒരാളാണ് അതുകൊണ്ട് തന്നെ സിനിമയിലേക്ക് എത്തിപ്പെടാൻ എളുപ്പമാണെന്ന് പൂർണ ബോധ്യമുണ്ട്. പക്ഷേ അങ്ങനെ ഒരു സ്വാധീനം കൊണ്ടാകരുത് സിനിമയിൽ എത്തിപ്പെടേണ്ടതെന്ന നിർബന്ധം ഉണ്ടായിരുന്നു. ഞാൻ ഇപ്പോൾ മാതാ സെക്കൻഡറി സ്കൂളിൽ പതിനൊന്നാം ക്ലാസ്സിൽ പഠിക്കുകയാണ് . ഫാഷൻ ഡിസൈനിംഗ് പഠിച്ച് അതിനു ശേഷം വീഡിയോ എഡിറ്റിംഗ് പഠിക്കണം അത് കഴിഞ്ഞ് സിനിമയിൽ സജീവമാവണമെന്നായിരുന്നു ആഗ്രഹം.ടിക്ടോക് വിഡിയോകൾ ചെയ്യാറുണ്ട്. അങ്ങനെ ചെയ്ത ഒരു വീഡിയോ സന്ധ്യ മാം (മുകേഷിന്റെ സഹോദരി സന്ധ്യ രാജേന്ദ്രൻ )കണ്ടാണ് ഓഡിഷന് വിളിച്ചത്. ആദ്യം ഓൺലൈൻ ഓഡിഷൻ ഉണ്ടായിരുന്നു. അതിനു ശേഷം നേരിട്ടുള്ള ഓഡിഷൻ. പെട്ടന്നായിരുന്നു കാര്യങ്ങളെല്ലാം തീരുമാനമായത്. റസൂൽ പുക്കൂട്ടി സാറിന്റെ കൂടെയും അളഗപ്പൻ സാറിന്റെ കൂടെയുമെല്ലാം ജോലി ചെയ്യാൻ സാധിച്ചത് ഭാഗ്യമായി കണക്കാക്കുന്നു. ഇത് നല്ലൊരു തുടക്കമായി കാണുന്നു .’’ ജയഭദ്ര പറഞ്ഞു.
മലയാള സിനിമയുടെ നാഴികക്കല്ലുകളായ ചെമ്മീൻ , അഗ്നിപുത്രി , യവനിക, നെല്ല് ,കാട് , നവവധു, ഭൂമി ദേവി പുഷ്പിണിയായി, സ്ഥാനാർത്ഥി സാറാമ്മ തുടങ്ങിയ ഒട്ടേറെ സിനിമകളുടെ തിരക്കഥ ഒരുക്കിയത് എസ്.എൽ പുരമാണ്.
Post Your Comments