
‘1921 പുഴ മുതൽ പുഴ വരെ’ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ അവതരിപ്പിക്കുന്ന നടന്റെ പേര് വെളിപ്പെടുത്തി സംവിധായകൻ അലി അക്ബര്‍. പ്രശസ്ത നടൻ തലൈവാസല്‍ വിജയ്‌യാണ് വാരിയംകുന്നനെ അവതരിപ്പിക്കുന്നത്. ചിത്രീകരണസ്ഥലത്തുനിന്നുള്ള ലൈവ് വീഡിയോയിലൂടെയാണ് അലി അക്ബര്‍ ‘വാരിയംകുന്നനെ’ അവതരിപ്പിക്കുന്നത് ആരെന്നത് വെളിപ്പെടുത്തിയത്.
ഒരു നടന്‍ എന്ന നിലയില്‍ ആവേശമുണ്ടാക്കുന്ന കഥാപാത്രമാണ് വാരിയംകുന്നന്‍റേതെന്നാണ് തലൈവാസല്‍ വിജയ്‍യുടെ പ്രതികരണം. “മനോഹരമായ ചിത്രമാണിത്. ഞാന്‍ 200-300 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷേ ചില സിനിമകളിലെ കഥാപാത്രങ്ങളോട് നമുക്ക് ആവേശം തോന്നും. വലിയ താല്‍പര്യമായിരിക്കും അത്തരം കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍. ഇത് അത്തരത്തിലുള്ള ഒരു സിനിമയാണ്. എന്‍റെ കരിയറിലെ പ്രധാന സിനിമകളില്‍ ഒന്ന്”, അദ്ദേഹം പറയുന്നു.
അതേസമയം ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിലെ തലൈവാസല്‍ വിജയ്‍യുടെ രംഗങ്ങള്‍ നാളെ പൂര്‍ത്തിയാവും. സിനിമയുടെ ചിത്രീകരണം ഈ മാസം 20ന് വയനാട്ടിലാണ് ആരംഭിച്ചത്. 30 ദിവസം നീളുന്ന ആദ്യ ഷെഡ്യൂളാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ആകെയുള്ള മൂന്ന് ഷെഡ്യൂളുകളില്‍ രണ്ടാമത്തെ ഷെഡ്യൂള്‍ മെയ് മാസത്തിലാണെന്നും സംവിധായകന്‍ നേരത്തെ അറിയിച്ചിരുന്നു.
1921ലെ മലബാറിന്‍റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അലി അക്ബറും തന്റെ ചിത്രം പ്രഖ്യാപിച്ചത്.
അതേസമയം ഇരുവർക്കും പുറമെ പി.ടി.കുഞ്ഞുമുഹമ്മദും ഇബ്രാഹിം വേങ്ങരയും വാരിയംകുന്നത്ത് അഹമ്മദ് ഹാജിയുടെ കഥയെ അടിസ്ഥാനമാക്കി സിനിമ പ്രഖ്യാപിച്ചിട്ടുണ്ട്. പി ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് ഷഹീദ് വാരിയംകുന്നനെന്നും ഇബ്രാഹിം വേങ്ങരയുടെ സിനിമയുടെ പേര് ദി ഗ്രേറ്റ് വാരിയംകുന്നനെന്നുമാണ്. മറ്റ് മൂന്നു സിനിമകളും വാരിയംകുന്നന്‍റെ നായകത്വത്തെ വാഴ്ത്തുന്ന സിനിമകളാണെങ്കില്‍ അലി അക്ബറിന്‍റെ സിനിമ അദ്ദേഹത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതാണ്.
Post Your Comments