പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചുകൊണ്ട് എഴുത്തുകാരന്‍ ടോം ഹോളണ്ട് പങ്കുവെച്ച ട്വിറ്റർ പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം. ട്വിറ്റർ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിപേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. എന്നാൽ സംഭവത്തിൽ ആക്രമണം നേരിടേണ്ടി വന്നത് ഇത് ഒന്നും അറിവില്ലാത്ത മാര്‍വല്‍ സിനിമാ പരമ്പരയില്‍ സ്‌പൈഡര്‍മാനായി വേഷമിട്ട ടോം ഹോളണ്ടിനാണ്.
ബാന്‍ സ്‌പൈഡര്‍മാന്‍, ബോയ്‌കോട്ട് സ്‌പൈഡര്‍മാന്‍ തുടങ്ങിയ ഹാഷ്ടാഗുകളും നടനെതിരെ പ്രചരിച്ചു. ഇരുവരുടെയും പേര് ഒന്നായതാണ് പ്രതിഷേധക്കാർക്ക് തെറ്റി പോകാൻ കാരണമായത്.
എഴുത്തുകാരനും ഇംഗ്ലണ്ട് സ്വദേശിയുമായ 53-കാരനായ ടോം ഹോളണ്ടാണ് മോദിക്കെതിരെ പോസ്റ്റ് ഷെയർ ചെയ്തത്. മൊട്ടേര സ്റ്റേഡിയത്തിന് നരേന്ദ്ര മോദിയുടെ പേര് നല്‍കിയതിനായിരുന്നു ടോമിന്റെ പരിഹാസം. ”ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന് സ്വന്തം പേരു നല്‍കിയ മോദിയുടെ വിനയത്തെ ഞാന്‍ ആരാധിക്കുന്നു. നേതാക്കള്‍ ഇത്തരം മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് രാജ്യങ്ങള്‍ക്ക് നല്ലതല്ല.”- ടോം ഹോളണ്ട് കുറിച്ചു. ഈ പോസ്റ്റാണ് പ്രതിഷേധത്തിന് കാരണമായത്.
ഇത് പതിവാണെന്നും തന്നെയും നടന്‍ ടോം ഹോളണ്ടിനെയും മാറിപ്പോകുന്നത് ഇതാദ്യമല്ലെന്നും എഴുത്തുകാരന്‍ ടോം ഹോളണ്ട് പിന്നീട് വിശദീകരിച്ചു.
ഒട്ടനവധി നോവലുകളും ചരിത്ര പുസ്തകങ്ങളുമൊക്കെ ടോം ഹോളണ്ട് എഴുതിയിട്ടുണ്ട്. ബി.ബി.സിയ്ക്ക് വേണ്ടി ചരിത്ര ഡോക്യുമെന്ററികളും അദ്ദേഹം ചെയ്തിട്ടുണ്ട്.
Post Your Comments