ദൃശ്യം 2 എന്ന സിനിമ മികച്ച അഭിപ്രായം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. നിരവധി ചർച്ചകളാണ് സിനിമയെക്കുറിച്ച് സോഷ്യൽ മീഡിയയിലും മറ്റുമായി നടക്കുന്നത്. അതിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു കഥാപാത്രങ്ങൾ. ‘ദൃശ്യ’ത്തിലെ പല കഥാപാത്രങ്ങളെയും ഒഴിവാക്കിയും പുതിയ ചിലരെ ഉള്‍പ്പെടുത്തിയുമായിരുന്നു ജീത്തുവിന്‍റെ ദൃശ്യം 2. ഒരുപാട് പുതുമുഖങ്ങൾക്കാണ് ജീത്തു ജോസഫ് ഇത്തവണ സിനിമയിലൂടെ അവസരം നൽകിയിരിക്കുന്നത്. നിരവധി കോമഡി താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
എന്നാൽ ആദ്യ ഭാഗത്തിൽ നിന്ന് ഒഴിവാക്കിയതില്‍ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രം കലാഭവന്‍ ഷാജോണ്‍ അവതരിപ്പിച്ച സഹദേവന്‍ എന്ന പൊലീസ് കോണ്‍സ്റ്റബിള്‍ ആയിരുന്നു. സിനിമ പുറത്തിറങ്ങിയതിന് ശേഷം നിരവധിപേർ സഹദേവൻ എവിടെ എന്ന് ചോദിച്ച് രംഗത്തെത്തിയിരുന്നു. സഹദേവനും സിനിമയിൽ വേണമായിരുന്നുവെന്നും ഒരു കൂട്ടർ അഭിപ്രായപ്പെട്ടു. ഇപ്പോഴിതാ സഹദേവൻ എന്ന കഥാപാത്രത്തെ ഒഴിവാക്കിയതിന്റെ യഥാർത്ഥ കാരണം വ്യക്തമാക്കിയിരിക്കുകയാണ് സിനിമയുടെ സംവിധായകൻ ജീത്തു ജോസഫ്.
ജീത്തു ജോസഫിന്റെ വാക്കുകൾ
“രണ്ട് രീതിയിലേ സഹദേവനെ കൊണ്ടുവരാന്‍ പറ്റൂ. ഒന്നുകില്‍ പൊലീസുകാരനായിട്ട് കൊണ്ടുവരണം. പക്ഷേ നമ്മള്‍ സാമാന്യയുക്തി വച്ച് ചിന്തിച്ചാല്‍, അന്ന് ആ പെണ്‍കുട്ടിയെ തല്ലിയിട്ട് അത് വലിയ ഇഷ്യു ആയപ്പോഴാണ് പുള്ളിക്ക് സസ്‍പെന്‍ഷന്‍ ലഭിച്ചത്. ഇപ്പൊ ഒരു അന്വേഷണം നടക്കുമ്പോള്‍ ആ പൊലീസുകാരനെ ഒരിക്കലും പൊലീസ് ടീമിലേക്ക് കൊണ്ടുവരില്ല. കാരണം ജനങ്ങളും മാധ്യമങ്ങളുമടക്കം ചോദിക്കും, ഇതെന്താണെന്ന്. അത് തീര്‍ച്ഛയാണ്. അതുകൊണ്ടുതന്നെ അത് സാധ്യമല്ല. പിന്നെയുള്ളത് പുള്ളിക്ക് വ്യക്തിപരമായി വരാം. പക്ഷേ അങ്ങനെയെങ്കില്‍ അതിനൊരു പ്രത്യേക ട്രാക്ക് വേണം.
അങ്ങനെ വരുമ്പോള്‍ സിനിമ ഈ ട്രാക്കില്‍ നിന്ന് അപ്പുറത്തെ ട്രാക്കിലേക്ക് മാറും. ഏത് ട്രാക്ക് വേണം എന്നുള്ളതാണ്. ആ ട്രാക്ക് എന്തുകൊണ്ട് ഉപയോഗിച്ചില്ല എന്ന് ഒരാള്‍ എന്നോട് ചോദിച്ചു. അതിന്‍റെ കാരണം, അങ്ങനെയെങ്കില്‍ ജോര്‍ജുകുട്ടി പോരടിക്കുന്നത് ജോലി പോയ ഒരു സാധാരണ പൊലീസുകാരനോട് ആയിപ്പോവും. ഇവിടെ ജോര്‍ജുകുട്ടി ഫൈറ്റ് ചെയ്യുന്നത് പൊലീസ് ഡിപ്പാര്‍ട്ട്മെന്‍റിനും സിസ്റ്റത്തിനും എതിരെയാണ്. അപ്പൊ കുറച്ചൂടെ പവര്‍ഫുള്‍ ഇതാണെന്ന് തോന്നി. അതുകൊണ്ട് അങ്ങനെ പോയി”, ജീത്തു ജോസഫ് പറഞ്ഞു.
ജീത്തു ജോസഫ് തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ മീനയാണ് നായിക. സിദ്ദിഖ്, ആശാ ശരത്, മുരളി ഗോപി, അൻസിബ, എസ്തർ, സായികുമാർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചത്. ഒടിടി ഫ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്.
Post Your Comments